കോഴിക്കോട്: ട്രയല്‍ ക്ലാസ്സുകള്‍ പൂര്‍ത്തീകരിച്ച് സംസ്ഥാനത്ത് ഇന്ന് ഔദ്യോഗികമായി ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ ഡിജിറ്റല്‍ സൗകര്യമില്ലാത്തത് മൂലം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി എംഎസ്എഫ്.
ജൂണ്‍ ഒന്നിന് പ്രവേശനോല്‍സവം ആരംഭിക്കുന്ന സമയത്ത് ആദ്യ ഘട്ടത്തില്‍ ട്രയല്‍ ക്ലാസുകള്‍ നടത്തി സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുത്ത് പഠന സൗകര്യമുറപ്പ് വരുത്തിയതിന് ശേഷമേ ക്ലാസുകള്‍ ആരംഭിക്കൂ എന്നായിരുന്നു പറഞ്ഞത്. പക്ഷേ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമില്ലായെന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടും അതൊന്നും വകവെക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്..
ജൂണ്‍ ഒന്ന് മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം സ്‌കൂളുകളില്‍ നോഡല്‍ ഓഫീസര്‍മാരെ വെച്ച് സൗകര്യമില്ലാത്തവരുടെ കണക്കെടുത്തു എന്നല്ലാതെ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഡിവൈസുകള്‍ വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നയാ പൈസ ചിലവഴിച്ചിട്ടില്ല. പകരം ചാലഞ്ചുകള്‍ പ്രഖ്യാപിച്ച് സ്‌കൂളുകളോട് സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്.
എംഎസ്എഫ് കോഴിക്കോട് ഡിഡിഇ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട് അദ്ധ്യക്ഷനായി. സംസ്ഥാന സീനിയര്‍ വൈസ്.പ്രസിഡന്റ് എപി അബ്ദുസ്സമദ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹികളായ ശാക്കിര്‍ പാറയില്‍,ഷമീര്‍ പാഴൂര്‍,ജില്ലാ കമ്മിറ്റിയംഗങ്ങളായ അഫ്‌ലൂ പട്ടോത്ത്, അന്‍സാര്‍ പെരുവയല്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് സ്വാഗതവും അഡ്വ.കെടി ജാസിം നന്ദിയും പറഞ്ഞു.