X

കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ബാധ്യതയാകുന്നു : എം എസ്.എഫ്

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് ബാധ്യതയാകുന്നു എന്ന്
എം എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം. കേരള സാങ്കേതിക സര്‍വകലാശാലയിലെ അനധികൃത ഇടപെടല്‍ , കേരളത്തിലെ സര്‍വ്വകലാശാലകളിലെ അക്കാദമിക് കാര്യങ്ങളില്‍ ഉള്ള രാഷ്ട്രീയ ഇടപെടല്‍ തുടങ്ങിയ എല്ലാ വിഷയങ്ങളിലും മന്ത്രിയുടെയും മന്ത്രി ഓഫീസിന്റെയും ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാവേണ്ട ഇ ഗ്രാന്റ് , പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ് എന്നിവയില്‍ ഗുരുതരമായ അനാസ്ഥയാണ് വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായത്.

എം.ജി സര്‍വകലാശാലയുടെ മാര്‍ക്ക്ദാനം തള്ളി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന്‍ ഗുരുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം പ്രസക്തമാണ്. എം.ജി, സാങ്കേതിക സര്‍വകലാശാലകളെടുത്ത നിയമവിരുദ്ധ തീരുമാനങ്ങള്‍ റദ്ദുചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത് വകുപ്പില്‍ നടക്കുന്ന അനധികൃത ഇടപെടലിന്റെ കൃത്യമായ ഉദാഹരണങ്ങളാണ്.. പരീക്ഷയില്‍ തോല്‍ക്കുന്ന വിദ്യാര്‍ത്ഥികളെ അധികം മാര്‍ക്കു നല്‍കി ജയിപ്പിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ തന്നെ നേരിട്ട് ഇടപെടുന്നതിനുള്ള തെളിവുകള്‍ നിരന്തരമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി പങ്കെടുത്ത അദാലത്തിലാണ് കൂട്ട മാര്‍ക്ക് ദാനം നടത്തിയത്. തോറ്റ ഒരു വിദ്യാര്‍ത്ഥി നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുത്താല്‍ ആരോപണം ഉണ്ടാകുമെന്ന് ഭയന്നാണ് പരീക്ഷ എഴുതിയ എല്ലാ കുട്ടികള്‍ക്കും കൂട്ടമായി മാര്‍ക്ക് ദാനം നല്‍കിയത്. യൂണിവേഴ്‌സിറ്റികളുടെ ഭരണപരമായ കാര്യങ്ങള്‍ക്കൊപ്പം അക്കാദമിക കാര്യങ്ങളിലും മന്ത്രി അനാവശ്യമായി ഇടപെടല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മൗനം വെടിയണം.മന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും എം എസ് എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം കുറയ്ക്കാനും സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വസ്തത നഷ്ടപ്പെടാനും മന്ത്രിയുടെ ഈ അനാവശ്യ ഇടപെടല്‍ കാരണമാകും.ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന സ്വജന പക്ഷപാതത്തിനും പാര്‍ട്ടിവത്കരണത്തിനുമെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എം എസ് എഫ് നേതൃത്വം നല്‍കും. സര്‍ക്കാര്‍ , എയ്ഡഡ് കോളേജുകളിലെ ഡിഗ്രി , പി ജി കോസ്‌സുകളുടെ ഫീസ് വര്‍ദ്ധനവ് നടപ്പിലാക്കുനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍
പിന്മാറണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു.

Test User: