X

നീന്തല്‍ സര്‍ട്ടിഫിക്കറ്റ്: സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കുക സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉപരോധിച്ച് എം.എസ്.എഫ്

ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് ബോണസ് മാര്‍ക്കിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ സമീപിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉപരോധിച്ചു.

മുന്‍വര്‍ഷങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്.
പക്ഷേ ഈ തവണ തീര്‍ത്തും അപ്രായോഗികമായ തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കോവിഡ് കാലമായതിനാല്‍ വേണ്ട ഗതാഗത സൗകര്യം പോലുമില്ലാതെ സ്‌പോര്‍ട്‌സ് കൗണ്‍സിലിലോ നഗരത്തിലും എത്താന്‍ കഴിയാതെ പ്രയാസപ്പെടുന്നത്. ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എസ്.എഫ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് ഉപരോധിച്ചത് .

പ്രതിഷേധം എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഫ്‌നാസ് ചോറോട് ജനറല്‍ സെക്രട്ടറി, സ്വാഹിബ് മുഹമ്മദ്,ട്രഷറര്‍ റഷാദ് വി.എം, അജ്മല്‍ കൂനഞ്ചേരി ,മുഹാദ് സി.എം, സുനൂജ് എന്നിവര്‍ നേതൃത്വം നല്‍കി.

നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് മണിക്കുറുകളോളം പൊരിവെയിലത്ത് സര്‍ട്ടിഫിക്കറ്റിനായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിസരത്ത് തടിച്ച് കൂടിയത്. ഉപരോധത്തിനൊടുവില്‍ കൗണ്‍സില്‍ പ്രസിഡണ്ടുമായി നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാളില്‍ സൗകര്യമൊരുക്കാമെന്നും സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടുമെന്നും ഉറപ്പ് നല്‍കി.

web desk 1: