X

തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച് എം.എസ്.എഫ് ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ച്; ചരിത്രമായി

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിലും ഉത്തരക്കടലാസ് ചോര്‍ച്ചക്കുമെതിരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇന്നു നടത്തിയ ചലോ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉജ്ജ്വലമായി. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വിദ്യാഭ്യാസ നിലപാടുകളിലുള്ള പ്രതിഷേധം കൂടി ഉണര്‍ത്തിയായിരുന്നു മാര്‍ച്ച്.

തലസ്ഥാനം ഇന്നു വരെ കണ്ട സമരമുഖങ്ങളില്‍ നിന്ന് വേറിട്ട അനുഭവമായിരുന്നു മുസ്ലിം ലീഗിന്റെ ഈ വിദ്യാര്‍ഥി പ്രസ്ഥാന പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം. മികച്ച ആള്‍ബലവും സംഘടനാ സംവിധാനത്തിന്റെ മേന്മയും കൂടി ഉള്‍ച്ചേര്‍ന്ന ഒന്നായിരുന്നു ഇത്.

ന്യായമായ ആവശ്യത്തിന്റെ മേല്‍ നടത്തിയ സമാധാനപരമായ ചെറുത്തുനില്‍പ്പിനെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചാണ് പൊലിസ് നേരിട്ടത്.

ആയിരത്തോളം വരുന്ന എം.എസ്.എഫ് പ്രവര്‍ത്തകരായിരുന്നു സമര ഗെയ്റ്റിനു മുന്നില്‍ തടിച്ചുകൂടിയത്. സര്‍വകലാശാല കോളജിലെ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വളരെ ആവേശത്തോടെയാണ് എം.എസ്.എഫ് യുവാക്കള്‍ മുദ്രാവാക്യം മുഴക്കിയത്.

എസ്.എഫ്.ഐ ഗുണ്ടകളെ നിലക്കു നിര്‍ത്തണമെന്നും പാര്‍ട്ടി ഗുണ്ടകള്‍ക്ക് മത്സര പരീക്ഷകളില്‍ പിന്‍വാതില്‍ നിയമനം നല്‍കരുതെന്നും വിദ്യാര്‍ഥികള്‍ക്ക് സമാധാനപൂര്‍ണമായി പഠിക്കാന്‍ അവസരം ഒരുക്കി നല്‍കണമെന്നും ഉറക്കെ ഉറക്കെ ആവശ്യപ്പെട്ട്് അവര്‍ തെരുവില്‍ മുദ്രാവാക്യം വിളിച്ചു.

മാര്‍ച്ച് യൂണിവേഴ്‌സിറ്റി കോളജിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദിനും പരിക്കേറ്റു. ഇവരെല്ലാം സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.

അതേസമയം സംഭവത്തില്‍ അപലപിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി അടക്കം നിരവധി പേര്‍ രംഗത്തെത്തി. സര്‍ക്കാറിന് തിരുത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വയം ഒഴിഞ്ഞു പോവണമെന്നും എസ്.എഫ്.ഐയുടെ അക്രമ സമരത്തിന് എതിരെ പ്രതികരിക്കുന്നവരെ അടിച്ച് ഒതുക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് പഞ്ചായത്ത് തലത്തില്‍ പ്രകടനം നടത്തും. ശനിയാഴ്ച കലക്ട്രേറ്റിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും.

web desk 1: