X
    Categories: CultureMoreViews

ബിരുദ സീറ്റുകള്‍ നഷ്ടപ്പെടുത്തിയ കാലിക്കറ്റ് സര്‍വകലാശാലയുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും: എം.എസ്.എഫ്

കോഴിക്കോട് :അഞ്ചു ജില്ലകളിലായി 5000ല്‍ പരം ബിരുദ സീറ്റുകള്‍ നഷ്ടപ്പെടുത്തിയ കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റിന്റെ അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ എം എസ് എഫ് സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. സാധാരണ ഗതിയില്‍ ഡിസംബര്‍ മാസത്തില്‍ സിണ്ടിക്കേറ്റിന്റെ നേതൃത്വത്തില്‍ കോളേജുകളില്‍ ഇന്‍സ്‌പെക്ഷന്‍ നടത്തി മാര്‍ച്ച് 31 നകം ഇരുപത് ശതമാനം സീറ്റ് വര്‍ധനവ് ആവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടത്. എന്നാല്‍ നാളിതു വരെയായും സര്‍വകലാശാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന സീറ്റാണ് നഷ്ട്ടപെടുന്നത്.

ഹയര്‍ സെക്കന്ററി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ സീറ്റുകള്‍ തന്നെ അപര്യാപ്തമാവുന്ന ഘട്ടത്തില്‍ 5000 ല്‍ പരം സീറ്റുകള്‍ ഇല്ലാതാവുന്നത് കനത്ത തിരിച്ചടിയാണ്. അടിയന്തരമായി സര്‍വകലാശാലയും സര്‍ക്കാരും ഇടപെട്ടു സീറ്റുകള്‍ വര്ധിപ്പിച്ചിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി എം.പി നവാസ്, യൂസുഫ് വല്ലാഞ്ചിറ, ശരീഫ് വടക്കയില്‍, ഹാഷിം ബംബ്രാണി, നിഷാദ് കെ സലിം എന്നിവര്‍ പങ്കെടുത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: