കോഴിക്കോട്: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന.സെക്രട്ടറി
എം.പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ മറ്റിതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് എങ്കില്‍ ഇന്ന് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സ്വന്തം പ്രവര്‍ത്തകനെ കത്തികൊണ്ട് കുത്താന്‍ മടിക്കാത്ത സാഹചര്യത്തിലേക്ക് എസ്.എഫ്.ഐ മാറിയിരിക്കുകയാണ്. ഈ സാഹചര്യം കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിനു മേലുള്ള ഭീഷണി ആയിട്ടാണ് എം.എസ്.എഫ് കാണുന്നത്. എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ ഫാഷിസ്റ്റ് നിലപാടുകളുടെ ഏറ്റവും വലിയ ഉദാഹരണമാണ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കഴിഞ്ഞവര്‍ഷം ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടി. ഇത്തരം സമീപനങ്ങളിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കടക്കല്‍ കത്തി വെക്കുകയാണ് എസ്.എഫ് ഐ ചെയ്യുത്. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച പെകുട്ടി മരിച്ചില്ലല്ലോ എന്ന ലാഘവത്തോടെയാണ് മന്ത്രി സംസാരിച്ചത്. എം എസ് എഫ് ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധിച്ചിരുന്നു. ആയതിനാല്‍ ഇത്തരം വിഷയങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാറിന് ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലായെന്നും മാരകായുധങ്ങള്‍ എസ് എഫ് ഐ ആധിപത്യ കാമ്പസുകളില്‍ നിന്ന് തുടച്ച് നീക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എല്ലാ ക്യാമ്പസുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്രം ഉറപ്പ് വരുത്തുകയും കലാലയങ്ങളില്‍ നടക്കുന്ന് അക്രമങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം രൂപീകരിക്കണമെന്നും
എം എസ് എഫ് ആവശ്യപ്പെട്ടു.