ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടവുമായി എംഎസ്എഫ്-എന്‍.എസ്.യു സഖ്യം. ഇടതു കൂട്ടായ്മയും, എബിവിബിയും, ബാപ്‌സയും മത്സരിച്ച തെരഞ്ഞെടുപ്പില്‍ എംഎസ്എഫ്-എന്‍.എസ്.യു സഖ്യം നാല് കൗണ്‍സിലര്‍ പോസ്റ്റുകള്‍ നേടി. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ നിന്ന് വിഷ്ണുപ്രസാദ്, ഹിമാദ്രി സോനോവല്‍ എന്നിവരും സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍ നിന്ന് ആയുഷ് നീലകാന്ത്,ധീരേന്ദ്ര കുമാര്‍ എന്നിവരുമാണ് എംഎസ്എഫ്-എന്‍.എസ്.യു സഖ്യത്തിലെ വിജയികള്‍. എം.എസ്.എഫ് സ്ഥാനാര്‍ത്ഥിയായി സോഷ്യല്‍ സ്റ്റഡീസില്‍ മത്സരിച്ച ഇഹ്‌സാനുല്‍ ഇഹാതീഷാം മികച്ച പ്രകടനമാണ് നടത്തിയത്.
കലാലയങ്ങളില്‍ ഫാസിസം കുത്തിക്കയറ്റുന്നതിനെതിരെ ശക്തമായി പോരാട്ടം നടക്കുന്ന ജെഎന്‍യുവിലെ തെരഞ്ഞെടുപ്പ് പ്രകടനം ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നതാണ്. ജനറല്‍ സീറ്റുകളില്‍ എബിവിബിക്കുള്ള സാധ്യത മുന്നില്‍ കണ്ട് ഇടത് കൂട്ടായ്മക്കെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമാണ് എംഎസ്എഫ്-എന്‍.എസ്.യു മത്സരിച്ചത്.
പ്രസിഡന്റ് സ്ഥാനത്ത് ഇടത് കൂട്ടായ്മ സ്ഥാനാര്‍ത്ഥി ഐഷെ ഘോഷ് എത്തുമെന്നുറപ്പായി. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബര്‍ 17 വരെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 2313 വോട്ടുകളാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഐഷെയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപി സ്ഥാനാര്‍ത്ഥി മനീഷ് ജാംഗിദിന് 1128 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ള ബാപ്‌സ സ്ഥാനാര്‍ത്ഥി ജിതേന്ദ്ര സുനയും എബിവിപി സ്ഥാനാര്‍ത്ഥിയുമായുള്ള വ്യത്യാസം ആറ് വോട്ടുകള്‍ മാത്രമാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എംഎസ്എഫ്-എന്‍.എസ്.യു സ്ഥാനാര്‍ത്ഥി പ്രശാന്ത് കുമാര്‍ 761 വോട്ടുമായി മികച്ച പ്രകടനം നടത്തി.
അതേസമയം സെന്ററല്‍ പാനലില്‍ എല്ലാം ഇടത് വിദ്യാര്‍ഥി സംഘടനാ കൂട്ടായ്മയാണ് വിജയിച്ചത്. എന്നാല്‍ ഇത്തവണയും ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷനെന്ന ‘ബാപ്‌സ’യും, നോട്ടയും നേട്ടമുണ്ടാക്കി. ജനറല്‍ സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ എബിവിപിയുമായി ചെറിയ വോട്ട് വ്യത്യാസം മാത്രമേ പല പോസ്റ്റുകളിലും ബാപ്‌സയ്ക്ക് ഉണ്ടായിരുന്നുള്ളൂ. പാനല്‍ സീറ്റുകളില്‍ പലതിലും 500 പരം വോട്ടുകളാണ് നോട്ട നേടിയത്.
എം.എസ്.എഫ് ദേശീയ നേതാക്കളായ ടി.പി അഷറഫലിയും അഹമ്മദ് സാജുവും ജെ.എന്‍.യു കാമ്പസില്‍ കാമ്പ് ചെയ്താണ് ഇലക്ഷന്‍ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഷംസീര്‍ കേളോത്ത് പ്രസിഡണ്ടായ എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.