X

ജൈവ പച്ചക്കറി പദ്ധതിയുമായി വിദ്യാര്‍ഥികള്‍; എം.എസ്.എഫ് സമൃദ്ധി-2017 ന് തുടക്കം

എം.എസ്.എഫിന്റെ സമൃദ്ധി-2017 ജൈവ പച്ചക്കറി കൃഷി പദ്ധതി പെരുമണ്ണ പുത്തൂര്‍മഠത്ത് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജൈവപച്ചക്കറി കൃഷിത്തോട്ടം നിര്‍മ്മിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച് എം.എസ്.എഫിന്റെ സമൃദ്ധി-2017 ജൈവ പച്ചക്കറി കൃഷി പദ്ധതി. പച്ചക്കറി കൃഷിത്തോട്ട മത്സരം സംഘടിപ്പിച്ചുകൊണ്ടാണ് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ മാതൃക കാണിച്ചുകൊടുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പെരുമണ്ണ പഞ്ചായത്തിലെ പുത്തൂര്‍മഠത്ത് വച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടക്കം കുറിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് എ.പി അബ്ദുസമദ് അധ്യക്ഷത വഹിച്ചു.

പുതിയ തലമുറയില്‍ നിന്നും അന്യം നിന്നു പോകുന്ന കാര്‍ഷിക സംസ്‌കാരത്തെയും പാരമ്പര്യത്തെയും തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് എം.എസ്.എഫ് ഈ പദ്ധതിയുമായി രംഗത്തിറങ്ങിയത്. ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ശരീരം എന്ന പ്രമേയത്തില്‍ നടത്തുന്ന സമൃദ്ധി 2017 ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ തമ്മിലുള്ള മത്സരമായിട്ടാണ് നടത്തുന്നത്. ജില്ലാ കമ്മിറ്റി നല്‍കുന്ന അഞ്ച് ഇനം വിത്തുകള്‍ ഉപയോഗിച്ച് രണ്ട് സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുക. കൃഷിയുടെ പുരോഗതി വിലയിരുത്താന്‍ മണ്ഡലം തലങ്ങളില്‍ മോണിറ്ററിംഗ് സമിതിയുണ്ടായിരിക്കും.

മേഖലാ തലത്തില്‍ ഏറ്റവും മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി കമ്മിറ്റികള്‍ക്കും ജില്ലയിലെ മികച്ച പഞ്ചായത്ത്/മുനിസിപ്പാലിറ്റി കമ്മിറ്റിക്കും പ്രത്യേകം പ്രോത്സാഹനം നല്‍കും. വിളവെടുപ്പിന് ശേഷം പച്ചക്കറികള്‍ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം, വടകര തണല്‍ അഗതി മന്ദിരം, കൊയിലാണ്ടി കാപ്പാട് യതീംഖാന, മുക്കം കോളനി തുടങ്ങിയ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും.

സമൃദ്ധി-2017 ഉദ്ഘാടന ചടങ്ങില്‍ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം, മണ്ഡലം ലീഗ് സെക്രട്ടറി എം.പി മജീദ്, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ അഹമ്മദ്, കെ.ടി റഊഫ്, ലത്തീഫ് തുറയൂര്‍, അഫ്‌നാസ് ചോറോട്, കെ.വി തന്‍വീര്‍, സാബിത്ത് മായനാട്, ശുഹൈബ് മുഖദാര്‍, കെ.ടി ജാസിം, കെ.സി ശിഹാബ്, ഷമീര്‍ പാഴൂര്‍, കെ ഷമീര്‍, അബ്ദുല്‍ ഖാദര് ജീലാനി, ഷബ്‌നാസ് പൂനൂര്‍, സമല്‍മാന്‍, സി നൗഷാദ്, വി.പി അസൈനാര്‍, പി.ടി.എ സലാം, എം.പി ഷാഹുല്‍ ഹമീദ്, എന്‍.ടി.എ നിസാര്‍, മുനീര്‍, ദാനിഷ്, മുഹമ്മദ്, ഇര്‍ഫാന്‍, പി.എം കോയ, വിച്ചാലി, കെ.ടി ബാലന്‍, വി.പി ബാലകൃഷ്ണന്‍, ബീന കോട്ടായി, ഷരീഫ, എം. സമീറ സംസാരിച്ചു.

chandrika: