കോഴിക്കോട്: ഉന്നത കലാലയങ്ങളിലെ ജാതി-മത -വംശീയ വിവേചനങ്ങൾക്കെതിരെ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്ന് മുസ്ലിം ലീഗിന്റെ ഗവേഷക വിദ്യാർത്ഥി കൂട്ടായ്മ ഇഖ്‌റ-എം എസ് എഫ്. രാജ്യത്തെ ഉന്നത കലാലയങ്ങളിൽ അനുദിനം ആവർത്തിക്കപ്പെടുന്ന മരണങ്ങളും ആത്മഹത്യകളും ജാതി-മത വംശീയ വിവേചനങ്ങളുടെ ഭാഗമാണെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഐഐ ടി മദ്രാസിലെ ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പി വി യുടെ രാജി ഇതിന്റെ അവസാന ഉദാഹരണമാണ്. താനടക്കമുള്ള SC/ ST/ OBC വിദ്യാർത്ഥികളും അധ്യാപകരുമെല്ലാം ജാതീയമായ വിവേചനം നേരിടുന്നുവെന്നും, അതിനെതിരെ അധികൃതർ മൗനം നടിക്കുകയാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന സമൂഹം കൂടുതൽ ചർച്ച ചെയ്യേണ്ടതുണ്ട്. 2019-ൽ ഇതേ സ്ഥാപനത്തിൽ മറ്റൊരു മലയാളി കൂടിയായ വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് (19) മതപരമായ വിവേചനത്തിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്തിരുന്നു. അന്ന് വിവിധ വിദ്യാർത്ഥി-പിന്നോക്ക-മത സംഘടനകളും, സർക്കാരുകളും പ്രതിഷേധിക്കുകയും, അന്വേഷണങ്ങൾ ഊർജ്ജിതമായി നടത്തിയെങ്കിലും, പിന്നീട് അവയെല്ലാം വൃഥാവിലായി. അന്ന് IIT മദ്രാസിലെ കുറ്റക്കാരായ ആളുകൾക്കെതിരെ വലിയ രീതിയിലുള്ള നടപടികൾ എടുക്കാത്തതും, UGC അടക്കമുള്ള സംവിധാങ്ങളുടെ നിഷ്ക്രിയത്വവുമെല്ലാം വീണ്ടും അതേ മനോഭാവമുള്ള ആളുകൾക്ക് തങ്ങളുടെ മനസ്ഥിതി തുടരാൻ വീണ്ടും ഇടയാക്കിയിരിക്കുന്നു. അതിന്റെ അവസാന ഉദാഹരണം കൂടിയാണ് അസിസ്റ്റന്റ് പ്രൊഫെസർ വിപിന്റെ രാജി.
കാലാകാലങ്ങളായി വിവിധ കലാലയങ്ങളിൽ ഇതേ കാര്യങ്ങൾ തുടർക്കഥയാകുമ്പോൾ, ഇനിയെങ്കിലും അധികൃതർ മൗനം നടിക്കുന്നത് ഒഴിവാക്കുകയും, അതാത് സർക്കാർ വകുപ്പുകളും, സർക്കാരിതര കോർപ്പറേഷനുകളും ഇതിനെതിരെ കൂടുതൽ ശബ്ദമുയർത്തേണ്ടതും, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സാമൂഹിക-നിയമ സഹായങ്ങൾ ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്. 2014 – 2019 കാലഘട്ടത്തിൽ വിവിധ ഐഐടികളിൽ മരണപ്പെട്ട ആളുകളിൽ ഭൂരിഭാഗവും ഐഐടി മദ്രാസിൽ നിന്നാണെന്നു MHRD പുറത്തു വിട്ട കണക്കുകളിൽ നിന്ന് വ്യക്തമാവുന്നു. ഐഐടികളിൽ നിന്ന് ഡ്രോപ്ഔട്ട് ആകുന്ന വിദ്യാർത്ഥികളിൽ 48 ശതമാനവും സംവരണ സമുദായങ്ങളിൽ നിന്നാണെന്നുള്ള ലോക്സഭയിലെ കേന്ദ്ര സർക്കാർ മറുപടിയും അതോടൊപ്പം തന്നെ ചേർത്തു വായിക്കേണ്ടതാണ്. 2016-ൽ ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ മരണം രാജ്യത്തെ ആകമാനം പിടിച്ചു കുലുക്കിയ സമര പരമ്പരകളിലേക്ക് നയിച്ചിട്ട് പോലും, വർഷങ്ങൾക്കിപ്പുറം ഉന്നത കലാലയങ്ങളിൽ ഉച്ച നീചത്വങ്ങളും, പിന്നാക്ക വിഭാഗങ്ങളോടുള്ള അലംഭാവ-ആക്രമണ ത്വരതയിലും മാറ്റങ്ങൾ വരാത്തത് പ്രതിഷേധാർഹമാണ്.
ആവർത്തിക്കപ്പെടുന്ന ജാതി-മത വിവേചനവും, വംശീയതയും അവസാനിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും, യുജിസി പോലുള്ള സ്ഥാപനങ്ങളും എത്രയും പെട്ടെന്ന് ഊർജ്ജിതമാക്കണ൦. മുൻകാലങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരായവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം, അക്കാദമിക തലങ്ങളിലെ തരംതാഴ്ത്തലുകളടക്കമുള്ള ശിക്ഷകൾക്ക് വിധേയരാക്കാനും സർക്കാർ നിലപാട് സ്വീകരിക്കണം. അതോടൊപ്പം, പിന്നോക്ക-അവശ വിഭാഗങ്ങൾക്ക് ഭീതിയില്ലാതെ പഠന-ഗവേഷണ കാര്യങ്ങളിൽ ഓരോ കലാലയങ്ങളിലും സ്വാതന്ത്രത്തോടെ പ്രവർത്തിക്കാനും, തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെയോ, കമ്മിറ്റികളെയോ നിയമിക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വേർതിരിവുകൾ ഇല്ലായ്മ ചെയ്യുന്നതിനായി രോഹിത് വെമുല ആക്ട് നിർമ്മാണങ്ങളടക്കമുള്ള കാര്യങ്ങൾ ചെയ്യാനും ഭരണകർത്താക്കൾ മുൻകയ്യെടുക്കണം.