X

മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് പരിഹാരമല്ല: എം.എസ്.എഫ്

മലപ്പുറം: ജില്ലയില്‍ ഹയര്‍സെക്കന്ററി ബാച്ചുകളുടെ ക്ഷാമം ഉടന്‍ പരിഹരിക്കണമെന്നും നിലവില്‍ ഹയര്‍സെക്കന്ററി പഠന സൗകര്യമില്ലാത്ത 20 സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ പ്ലസ്ടു ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഹയര്‍ സെക്കണ്ടറി റീജനല്‍ ഓഫീസര്‍ സ്‌നേഹലതക്ക് നിവേദനം കൈമാറി. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസാണ് നിവേദനം കൈമാറിയത്. ജില്ലകളില്‍ തുടര്‍ പഠനത്തിന് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരു പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളോ, അധിക ബാച്ചോ, പുതിയ കോഴ്‌സോ അനുവദിക്കാതെ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് മാത്രം നടത്തി മലബാറിലെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്.

ഹയര്‍സെക്കന്‍ഡറി റൂള്‍സ് പ്രകാരം ഒരു ക്ലാസ്സില്‍ അനുവദനീയമായ വിദ്യാര്‍ത്ഥികളുടെ എണ്ണം 40 എന്നാല്‍ പരമാവധി 50 വരെ ആകാം. അവിടേക്കാണ് 10 വിദ്യാര്‍ഥികള്‍ക്ക് അധികമായി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നടത്തിയിരിക്കുന്നത്. എന്നാല്‍ വര്‍ദ്ധനവ് കൊണ്ട് തീരുന്നതല്ല പ്ലസ് വണ്‍ പ്രവേശന പ്രശ്‌നം. നിരന്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തീരുമാന പ്രകാരം 20 ശതമാനം സീറ്റ് വര്‍ദ്ധനവ് എന്ന സ്ഥിരം പല്ലവിയിലാണ് സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നത്. ഉള്‍ക്കൊള്ളാവുന്നതിലധികം വിദ്യാര്‍ഥികളെ ക്ലാസില്‍ കുത്തി നിറച്ചാല്‍ പഠനവും പഠിപ്പിക്കലും വിദ്യാര്‍ത്ഥികളുടെ പഠനത്തെ കാര്യമായ രീതിയില്‍ ബാധിക്കും. 2021- 22 വര്‍ഷത്തില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് തടഞ്ഞുകൊണ്ടുള്ള കോടതി വിധി നിലനില്‍ക്കുമ്പോഴാണ് സീറ്റ് വര്‍ധന തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഏതൊരു രക്ഷിതാവിന്റെയും ആഗ്രഹമാണ് മക്കളുടെ പഠനം. അതിനവസരം ഉറപ്പുവരുത്തുന്നതിന് പുതിയ ബാച്ചുകളും കോഴ്‌സുകളും ആണ് വേണ്ടതെന്നും നേതാക്കള്‍ നല്‍കിയ നിവേദനത്തില്‍ പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ ട്രഷറര്‍ പി.എ.ജവാദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായില്‍, ജില്ലാ വിംഗ് കണ്‍വീനര്‍ ഫര്‍ഹാന്‍ ബിയ്യം, അര്‍ഷദ് ഫാസില്‍, സി.പി.ബാസിത്തലി തുടങ്ങിയവര്‍ സംബന്ധിച്ചു.

web desk 1: