ചെന്നൈ: എം എസ് എഫ് ദേശീയ കമ്മറ്റി നിലവില്‍ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഡിസംബര്‍ 17 ന് ബംഗളൂരു ഫ്രേസര്‍ ടൗണിലുള്ള സവേരി ഓഡിറ്റോറിയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന നാഷണല്‍ സ്റ്റുഡന്റ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ദേശീയ കമ്മറ്റിയുടെ മുഖപത്രമായി ഇ ജേര്‍ണല്‍ ലോഞ്ചിംഗ്, ഇ അഹമ്മദ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ‘ശിഹാബ് വൈസ്’ ആപ്പിന്റെ പ്രകാശനം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, എം എസ് എഫ് നാഷണല്‍ ലെവല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍, നാഷണല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, തുടങ്ങി വിവിധ പദ്ധതികള്‍ കോണ്‍ക്ലേവില്‍ നടപ്പിലാക്കും.
മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷന്‍ പ്രൊഫ. കെ എം. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ഇ-ജേര്‍ണല്‍ പ്രകാശനം നിര്‍വഹിക്കും. ഇ അഹമ്മദ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വഹിക്കും. ശിഹാബ് വൈസ് ആപ്പിന്റെ പ്രകാശനം പി വി അബ്ദുല്‍ വഹാബ് എം പി നിര്‍വഹിക്കും. ‘ന്യൂനപക്ഷ രാഷ്ട്രീയം വിദ്യാര്‍ത്ഥികളുടെ പങ്ക്’ എന്ന വിഷയത്തില്‍ സിറാജ് ഇബ്രാഹിം സേട്ട്, ‘സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം’ എന്ന വിഷയത്തില്‍ തമിഴ്‌നാട് മുന്‍ എം.എല്‍.എ അബ്ദുല്‍ ബാസിത്ത് പ്രസംഗിക്കും. വിവിധ സര്‍വകലാശാല തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചവരെ അനുമോദിക്കും. യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, അഡ്വ. എം റഹ്മത്തുള്ള, അഡ്വ. ഫൈസല്‍ ബാബു, കെ എം സി സി ദേശീയ പ്രസിഡന്റ് എം കെ നൗഷാദ് സംസാരിക്കും. 10 മണിക്ക് തുടങ്ങുന്ന പരിപാടി 5 മണിക്ക് അവസാനിക്കും