X
    Categories: indiaNews

‘യു.പി.എസ്.സി ജിഹാദ്’ പ്രയോഗം അടിസ്ഥാന രഹിതമെന്ന് ഡോ.സഫറുല്‍ ഇസ്‌ലാം ഖാന്‍

ന്യൂഡല്‍ഹി : ജനസംഖ്യനുപാതികമായി സിവില്‍ സര്‍വീസില്‍ ഇപ്പോഴും പ്രാതിനിധ്യം കിട്ടാത്ത സമുദായമാണ് മുസ്‌ലിംകളെന്നും യു. പി. എസ്. സി ജിഹാദ് എന്ന് വാക്കുകള്‍ ഉപയോഗിച്ച് യാഥാര്‍ഥ്യത്തെ മറച്ചു വെക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ സഫറുല്‍ ഇസ്ലാം ഖാന്‍. എംഎസ്എഫ് ദേശീയ കമ്മറ്റി സംഘടിപ്പിച്ച ‘യു.പി.എസ്.സി ജിഹാദ്-പ്രചാരത്തിന്റെ ഇരുണ്ട അജണ്ട തുറന്നുകാണിക്കുന്നു’ എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോഴും സിവില്‍ സര്‍വീസിലെ മുസ്‌ലിം പ്രാതിനിധ്യം സച്ചാര്‍ കമ്മീഷന്റെ കണ്ടെത്തല്‍. പതിനഞ്ച് ശതമാനം ലഭിക്കേണ്ടിടത്താണിതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ ഉപനേതാവ് ഡോ എംകെ മുനീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചില മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചരണം വഴി നാടിന്റെ സമാധാന ജീവിതത്തിനു വിഘാതം സൃഷ്ടിക്കുകയാണെന്നും അത്തരത്തിലുള്ള ഒരു മാധ്യമമായ സുദര്‍ശന്‍ ടിവിയുടെ വിലകുറഞ്ഞ പ്രചരണവേല ജനം തള്ളിക്കളയുമെന്നും എംകെ മുനീര്‍ പറഞ്ഞു.

മാധ്യമങ്ങള്‍ വഴി സംഘപരിവാര്‍ നടത്തുന്ന പ്രചാരണങ്ങളെ കുറിച്ചും കുപ്രസിദ്ധിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന സുദര്‍ശന്‍ ടിവി പോലുള്ള മാധ്യമങ്ങളെ കുറിച്ചും ‘ദ വയര്‍’ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മെഹ്താബ് ആലം സംസാരിച്ചു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ പി സരിന്‍. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ദേശീയ സെക്രട്ടറി അഥീബ് മാസ് ഖാന്‍, ഡോ. പുത്തൂര്‍ റഹിമാന്‍ സംസാരിച്ചു.

എംഎസ് എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്റഫലി അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി എസ്എച്ച് മുഹമ്മദ് അര്‍ഷാദ് സ്വാഗതവും ദേശീയ സെക്രട്ടറി ഇ ഷമീര്‍ നന്ദിയും പറഞ്ഞു.

chandrika: