X
    Categories: MoreViews

അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ പൈതൃകം സംരക്ഷിക്കണം :എം എസ് എഫ്

 

ഹൈദരാബാദ്: അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയുടെ പൈതൃകവും പാരമ്പര്യവും നില നിര്‍ത്തണമെന്ന് എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.ഹൈദരാബാദില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യുട്ടീവില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് എം.എസ്.എഫ് ആവശ്യപ്പെട്ടത്.ദേശീയ പ്രസിഡന്റ് ടി.പി.അഷ്‌റഫലി അദ്ധ്യക്ഷത വഹിച്ചു.അനാവശ്യ വിവാദങ്ങളുണ്ടാക്കി അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയെ തകര്‍ക്കാനുള്ള ബി.ജെ.പി ശ്രമം പ്രതിഷേധാര്‍ഹമാണെന്നും പ്രതിരോധിച്ച് തോല്‍പിക്കുമെന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു. ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും ഉടന്‍ പിന്‍വലിക്കണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു.1938 ലാണ് മുഹമ്മദലി ജിന്ന അലിഗഡ് മുസ് ലിം യൂനിവേഴ്‌സിറ്റിയുടെ ആജീവനാന്ത മെമ്പറായി തെരഞ്ഞെടുക്കപ്പെന്നുന്നത്. അന്നു മുതല്‍ ആജീവനാന്ത മെമ്പര്‍മാരായ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന അബ്ദുല്‍ കലാം ആസാദ് തുടങ്ങിയവരുടെ ഛായ ചിത്രങ്ങള്‍ക്കൊപ്പം ജിന്നയുടെ ചിത്രവും അലിഗഡ് യൂനിവേഴ്‌സിറ്റിയില്‍ ആനാഛാദനം ചെയ്യപ്പെട്ടിട്ടുണ്ട്. ജിന്ന ഇന്ത്യയുടെ പ്രമുഖനായ സ്വതന്ത്ര സമര സേനാനാനിയാണെന്നും ഗാന്ധിജി തുടങ്ങിയ മറ്റു ദേശീയ നേതാക്കള്‍ക്കൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ വ്യക്തിയാണെന്നും എം എസ് എഫ് പ്രമേയത്തിലൂടെ ഓര്‍മ്മിപ്പിച്ചു. ജിന്ന മാത്രമല്ല ഇന്ത്യാ വിഭജനത്തിന് ഉത്തരവാദിയെന്നും ദേശീയ സെക്രട്ടറി ഇ.ഷമീര്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയെ ജനാധിപത്യവിരുദ്ധരും തീ വ്രവാദ ചിന്താഗതിക്കരുമായി ചിത്രീകരിക്കാന്‍ സംഘ് പരിവാര്‍ ശ്രമിക്കുകയാണ്.രാജ്യത്തെ സ്വാതന്ത്ര സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രമാണ് സംഘ് പരിവാരിന്റെത്.ഇന്ത്യ രാജ്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയ ഹസ്രത്ത് മൊഹാനി, ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മൗലാന മുഹമ്മദലി തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ സംഭാവന ചെയ്ത പാരമ്പര്യമാണ് അലിഗഡ് യൂനിവേഴ്‌സിറ്റിക്കുള്ളത്. സംഘ് പരിവാറിന്റെ പാവകളായി പോലീസും ഭരണകൂടവും മാറരുതെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. സംഘ് പരിവാര്‍ നീക്കങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളും സമാനമനസ്‌കരുമായി ചേര്‍ന്ന് പോരാട്ടത്തിന് എം.എസ്.എഫ് നേതൃത്വം നല്‍കും.ജനറല്‍ സെക്രട്ടറി എസ്.എച്ച്.മുഹമ്മദ് ഹര്‍ഷദ് സ്വാഗതം പറഞ്ഞു. അഡ്വ.ഫാത്തിമത തഹ്ലിയ, എന്‍.എ.കരീം ,പി.വി.അഹമ്മദ് സാജു, സിറാജുദ്ധീന്‍ നദ് വി ,അത്തീബ് ഖാന്‍(ഡല്‍ഹി) ,അല്‍ അമീന്‍ (തമിഴ്‌നാട് ), അസീസ് കളത്തൂര്‍, സെയ്ദലവി ഹൈദരാബാദ്, മന്‍സൂര്‍ കൊല്‍ക്കത്ത, മുഹമ്മദ് ഫൈസാന്‍ (വെല്ലൂര്‍), ജംഷീര്‍ മക്തല്‍ (തെലങ്കാന ), നവാസ് ശരീഫ് ഖുറേഷി (മഹാരാഷ്ട്ര), മുഹമ്മദ് തൗസീഫ് റസ്സാഖാന്‍ (ആസ്സാം ) ,ജാസിമുദ്ധീന്‍ (ബംഗാള്‍), ജവാദ് ബാസില്‍ (പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി),ആഷിഖ് റസൂല്‍ (ഹൈദരാബാദ് സെന്‍ട്രല്‍ യുണിവേഴ്‌സിറ്റി) എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് തെലങ്കാന സംസ്ഥാന പ്രസിഡന്റ് ഇംതിയാസ് ഖാന്‍ ,ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗനി, എന്നിവര്‍ ആശംസ അറിയിച്ചു.

chandrika: