വയനാട് : പശു കടത്തരോപിച്ചു മൂന്ന് യുവാക്കളുടെ മേല്‍ എന്‍.എസ്.എ.(നാഷണല്‍ സെക്യൂരിറ്റി ആക്റ്റ് ) ചുമത്തിയ കോണ്‍ഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശ് ഗവണ്മെന്റ് നടപടി പിന്‍വലിക്കണമെന്ന് എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരേന്ത്യയില്‍ ബി.ജെ.പി ഗവണ്മെന്റുകള് നടപ്പിലാക്കി വന്ന ഭരണകൂട ഭീകരത അതേപടി തുടരുന്നത് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മതേതര സര്‍ക്കാരിന് ഭൂഷണമല്ലെന്നു എം.എസ്.എഫ്. ദേശീയ ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ജാതി മത ഭേദമന്യേ ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ജീവിതോപാധിയാണ് കന്നുകാലി വ്യാപാരവും പരിപാലനവും. ഈ ജീവിതോപാധിയെ തകര്‍ക്കുക വഴി കുത്തകകളെ സഹായിക്കാനുള്ള ഒളിയജണ്ടയാണ് സംഘ്പരിവാറിനുള്ളത്. അധികാരത്തിലെത്താനുള്ള കുറുക്കുവഴിയായ വര്‍ഗീയത വളര്‍ത്തുന്നതിനും ബി.ജെ.പി. ഈ വിഷയത്തെ സമര്‍ത്ഥമായി ഉപയോഗിച്ചു. ഇതിന്റെ പേരില്‍ നിരവധി യുവാക്കളെ പീഡിപ്പിക്കുകയും ആള്‍ക്കൂട്ട കൊലപാതകം നടത്തുകയും ചെയ്തതിന് എതിരെയുള്ള വികാരത്തിന്റെ വിധിയെഴുത്തായിരുന്നു രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ദളിത് മുസ്ലിം പിന്നോക്ക വിഭാഗങ്ങളുടെ ജീവിതോപാധിയായ കന്നുകാലി വളര്‍ത്തലും വ്യാപാരവും സംരക്ഷിക്കുന്നതിന് പകരം ബി.ജെ.പി നയങ്ങള്‍ പിന്തുടര്ന്ന് പശുകടത്തരോപിച്ചു അന്യായമായി എന്‍.എസ്.എ.ചുമത്തിയ കോണ്‍ഗ്രസ്സ് ഗവണ്മെന്റ് നടപടിയെ എം.എസ്.എഫ്. ശക്തമായി അപലപിച്ചു.ദേശീയ സെക്രട്ടറി ഇ. ഷമീര്‍ അവതരിപ്പിച്ചു സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍ പിന്തുണച്ചു.
പശു കടത്തരോപിച്ചു എന്‍.എസ്.എ. ചുമത്തിയ മധ്യപ്രദേശ് ഗവ. നടപടി പിന്‍വലിക്കണം: എം.എസ്.എഫ്
Tags: MSF