കോഴിക്കോട്: സംഘ്പരിവാര്‍ ഫാസിസം നടപ്പിലാക്കുന്ന പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കോഴിക്കോട് ബേപ്പൂര്‍ -ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് എംഎസ്എഫ് മാര്‍ച്ച് നടത്തി. മാര്‍ച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു.
സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പില്‍ വരുത്താന്‍ മാത്രം നിയമിതനായ,ലക്ഷദ്വീപ് ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ നിയമനമായിരുന്നു പ്രഫുല്‍ പട്ടേലെന്ന അഡിമിനിസ്‌ട്രേറ്ററുടേതെന്നും മഹാമാരിയും ലോക്ക്ഡൗണും രാജ്യത്തെ ജനങ്ങളെ അകത്തളങ്ങളില്‍ തപസ്സിരുത്തിയപ്പോള്‍ വര്‍ഗ്ഗീയ വിഷം മാത്രം ഉപജീവന മാര്‍ഗ്ഗമായി കൊണ്ട് നടക്കുന്ന സംഘ്പരിവാര്‍ ലക്ഷദ്വീപിനെ ലക്ഷ്യം വെക്കുന്നത് തിട്ടൂരമാണെന്നും അദ്ദേഹം പറഞ്ഞു.
അന്യായങ്ങളോ അതിക്രമങ്ങളോ കേട്ടുകേള്‍വിയില്ലാത്ത നാട്ടില്‍ ഗുണ്ടാ ആക്ട് പോലെയുള്ള അന്യായങ്ങള്‍ നടപ്പിലാക്കുന്ന പ്രഫുല്‍ പട്ടേലിനെ തിരിച്ചു വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റ് ചെയ്ത കുട്ടികളെ വിട്ടയക്കണം എന്നാവശ്യപ്പെട്ടായിരുന്നു എംഎസ്എഫ് മാര്‍ച്ച് സംഘടിപ്പിച്ചത്.