വാളയാര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി ഉറപ്പ് നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും നീതിക്ക് വേണ്ടി വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നടത്തുന്ന സത്യാഗ്രഹ സമര പന്തല്‍ കേരള സര്‍ക്കാറിന്റെ അനീതിയുടെ നേര്‍ചിത്രമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പറഞ്ഞു. മുഖ്യമന്ത്രി വാക്ക് പാലിക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീട്ടുമുറ്റത്ത് നടത്തുന്ന സത്യാഗ്രഹ സമര പന്തലില്‍ എംഎസ്എഫിന്റെ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ദളിത് പെണ്‍കുട്ടിക്കും കുടുംബത്തിനുമുണ്ടായ സമാനമായ അനുഭവങ്ങളാണ് വാളയാറിലെ പെണ്‍കുട്ടിക്കും കുടുംബത്തിനുമുണ്ടായത്. യുപി മുഖ്യമന്ത്രി യോഗിയുടെ അതേ നിലപാടാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നത്. സിപിഎം പ്രവര്‍ത്തകരായ പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമീപനം പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം ആരോപിച്ചു.
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡല കേന്ദ്രങ്ങളിലും സംഗമങ്ങള്‍ ഇന്നലെ നടന്നിരുന്നു.
എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, ഭാരവാഹികളായ അഷ്ഹര്‍ പെരുമുക്ക്, പിപി ഷൈജല്‍, റംഷാദ് പള്ളം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിലാല്‍ മുഹമ്മദ്, കബീര്‍ മുതുപറമ്പ്, അഫ്‌നാസ് ചോറോട്, ആസിം ആളത്ത്, വിഎ വഹാബ് പങ്കെടുത്തു.