കോഴിക്കോട്: ഒരു ഭാഗത്ത് അഭിമന്യൂവിന്റെ രക്തസാക്ഷിത്വം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയും മറുഭാഗത്ത് ക്യാമ്പസ് ഫ്രണ്ടുമായി രഹസ്യ ധാരണ സൂക്ഷിക്കുകയും ചെയ്ത എസ്.എഫ്.ഐക്ക് അഭിമന്യുവിനെ ഉയര്‍ത്തിപ്പിടിക്കാന്‍ അവകാശമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്താണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. അധികാരത്തിന്റെ തണലില്‍ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശം ഭീഷണിപ്പെടുത്തി കവര്‍ന്നെടുക്കാമെന്ന എസ്.എഫ്.ഐ മോഹത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം പ്രകടമാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
‘കഠാര വെടിയുക തൂലികയേന്തുക’ എന്ന മുദ്രാവാക്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട എം.എസ്.എഫിനു മികച്ച വിജയം നേടാനായി. 152 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ എം.എസ്.എഫിന്റെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പരമ്പരാഗത കോട്ടകള്‍ നിലനിര്‍ത്തിയതോടൊപ്പം എസ്.എഫ്.ഐ ശക്തി കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാനും എം.എസ്.എഫ് മുന്നണിക്ക് സാധിച്ചു. 71 കോളേജുകളില്‍ തനിച്ചും 27 കോളേജുകളില്‍ മുന്നണിയായും യൂണിയന്‍ നേടാന്‍ സാധിച്ചു. കലാലയങ്ങളില്‍ രക്തക്കറ വീഴ്ത്തുന്ന ഫാസിസ്റ്റു വര്‍ഗീയ സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് വിദ്യാര്‍ത്ഥി സമൂഹം സ്വീകരിക്കുമെന്ന സൂചനകളാണ് തെരഞ്ഞെടുപ്പിലെ എം.എസ്.എഫ് വിജയം സൂചിപ്പിക്കുന്നത്.
വിദ്യാര്‍ഥികളുടെ ജാനാധിപത്യ അവകാശങ്ങളെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നിരവധി കോളേജുകളില്‍ എസ്.എഫ്.ഐ നടപ്പിലാക്കിയത്. മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ കോളേജ്, ഗവ: കോളേജ് മടപ്പള്ളി, ഗവ: കോളേജ് മൊകേരി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തിരൂര്‍ ജെ.എം കോളേജ്, ലക്കിടി ഓറിയന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നോമിനേഷന്‍ പ്രക്രിയകളില്‍ ഇടത് സിണ്ടിക്കേറ്റിനെ ഉപയോഗപ്പെടുത്തി വഴിവിട്ട നീക്കങ്ങളാണ് എസ്.എഫ്.ഐ നടത്തിയത്.
നിരവധി സ്വകാര്യ കോളേജുകളില്‍ മാനേജ്‌മെന്റിനെയും പ്രിന്‍സിപ്പള്‍മാരെയും ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് ഫലത്തെ അനുകൂലമാക്കാന്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഹീനമായ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷവും നിരവധി കോളേജുകളില്‍ അക്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. വയനാട് സി.എം കോളേജില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ വെട്ടി പരിക്കേല്‍പിച്ചും മുട്ടില്‍ ഡബ്ലൂ.എം.ഒ കോളേജില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറി അദ്ധ്യാപകനെ ക്രൂരമായി മര്‍ദിച്ചും അക്രമ രാഷ്ട്രീയം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അക്രമ രാഷ്ട്രീയത്തിനും സര്‍വകലാശാല യൂണിയന്റെ വിദ്യാര്‍ഥി വിരുദ്ധ സമീപനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണവുമായി എം.എസ്.എഫ് മുന്നോട്ടു പോവും. കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്റെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു .