X

കോവിഡ് മരണ സംസ്‌കാരങ്ങളിലടക്കം പ്രവര്‍ത്തിച്ച ചെറുപ്പക്കാരന്‍; ഷാഫിയുടെ മരണം വേദനാജനകമെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുനിസിപ്പല്‍ എംഎസ്എഫ് ട്രഷററും വൈറ്റ്ഗാര്‍ഡ് അംഗവുമായ സികെ മുഹമ്മദ് ഷാഫിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പൊതുപ്രവര്‍ത്തന രംഗത്ത് മാതൃകാപരമായി പ്രവര്‍ത്തിച്ചു വന്ന ചെറുപ്പക്കാരനായിരുന്നു ഷാഫിയെന്ന് അദ്ദേഹം അനുസ്മരിച്ചു. കോവിഡ് മഹാമാരി കാലത്ത് മരണാനന്തര സംസ്‌കാര ചടങ്ങുകളിലടക്കം പങ്കാളിയായിരുന്ന ഷാഫിയുടെ നാടിന് നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, ഡോ. എംകെ മുനീര്‍, ടിവി ഇബ്രാഹിം എംഎല്‍എ എന്നിവരും അനുശോചനം രേഖപ്പെടുത്തി.

പനി ബാധിച്ച് മൂര്‍ധന്യാവസ്ഥയിലായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എംഇഎസില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ രാത്രി രണ്ടു മണിയോടെയാണ് ഷാഫി മരിച്ചത്.

മലപ്പുറം മേല്‍മുറി ആലത്തൂര്‍പടിയില്‍ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന ചാലാട്ടില്‍ കള്ളാടിതൊടി അബ്ദുല്‍ റസാഖിന്റെ മകനാണ്. വെള്ളുവമ്പ്രം എംഐസി കോളജ് യൂണിയന്‍ മുന്‍ ഭാരവാഹി കൂടിയായിരുന്നു.

മലപ്പുറം ആലത്തൂര്‍പള്ളി ഖബര്‍സ്ഥാനില്‍ ഇന്ന് രാവിലെ പത്തു മണിക്ക് മയ്യിത്ത് ഖബറടക്കി.

 

 

web desk 1: