ന്യൂഡല്‍ഹി: ഡല്‍ഹി സോണല്‍ എം എസ് എഫ് കമ്മിറ്റിക്ക് കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കായുള്ള രാഷ്ട്രീയ പരിശീലന കളരി എന്‍സെന്‍ഡര്‍ 2017 ഇ. അഹമ്മദ് നഗറില്‍ നടന്നു. രാഷ്ട്രീയ-സംഘടനാ വിഷയങ്ങളില്‍ വിവിധ സെഷനുകളിലായി അക്കാദമിക-അക്കാദമികേതര രംഗത്തുള്ളവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എം.എസ്.എഫ് ദേശിയ പ്രസിഡന്റ് ടി.പി. അഷ്‌റഫലി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി മുന്നേറ്റത്തിനു മാത്രമേ രാജ്യത്തെ ഫാസിസത്തില്‍ നിന്നു രക്ഷിക്കാന്‍ സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു.
ഇ. അഹമ്മദിന്റെ മകന്‍ റയീസ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. മുസ്‌ലിംലീഗ് രാഷ്ട്രീയം സാധുതാ നിര്‍മ്മിതി, മുസ്‌ലിം രാഷ്ട്രീയത്തിന്റെ ധൈഷണിക പാരമ്പര്യം, ദലിത്-മുസ്‌ലിം ഐക്യം, മുസ്‌ലിം രാഷ്ട്രീയവും ലിംഗ നീതിയും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. പഞ്ചാബ് ലവ്‌ലി സര്‍വ്വകലാശാല, അലീഗഡ് മുസ്‌ലിം സര്‍വ്വകലാശാല, ജാമിയ ഹംദര്‍ദ് ഡല്‍ഹി, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡല്‍ഹി, ജാമിഅ ഹംദര്‍ദ്, ഡല്‍ഹി സര്‍വ്വകലാശാല, ജാമിഅമില്ലിയ ഇസ്‌ലാമിയ യുനിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നു വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു. അഡ്വ: ഹാരിസ് ബീരാന്‍, ഖാലിക്, അഡ്വ: ഫൈസല്‍, ലത്തീഫ്, മന്‍സൂര്‍ ഹുദവി, ഷംസീര്‍ കേളോത്ത്, ഉബൈദുല്ല കോണിക്കഴി, സൂബീന്‍, യൂസുഫലി തുടങ്ങിയവര്‍ സംസാരിച്ചു.