കോഴിക്കോട്: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് ഉദ്യോഗാർത്ഥിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ച് പ്രതിഷേധ ജ്വാലയായി. മുഖ്യമന്ത്രി പിണറായി വിജയനെ വിദ്യാർത്ഥികൾ പ്രതീകാത്മകമായി ചങ്ങലക്ക് കെട്ടി വലിച്ച് പ്രതിഷേധിച്ചു. എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
പാർട്ടിക്കാർക്കും സ്വന്തക്കാർക്കും കള്ളക്കടത്തുകാർക്കും ജോലി നൽകുന്ന സർക്കാർ രാവും പകലും പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളെ കൊല്ലുകയാണെന്നും ഓണനാളിൽ ഓണപുടവക്ക് പകരം ശവപുടവ ഒരുക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
ബക്കറ്റിൽ ജോലികൊണ്ടു നടക്കുന്നില്ല എന്നു പറഞ്ഞ് ഉദ്യോഗാർത്ഥികളെ പരിഹസിച്ച പി.എസ്.സി ചെയർമാൻ രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ൽ നിലവിൽ വന്ന 3205 അംഗ സിവിൽ എക്‌സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് കേവലം 416 നിയമനങ്ങൾ മാത്രമാണ് നടന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുമ്പോഴും സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും കോവിഡ് സാഹചര്യത്തിലും റാങ്ക് ലിസ്റ്റ് കാലാവധി 6 മാസമെങ്കിലും നീട്ടണമെന്ന ആവശ്യം പി.എസ്.സി അംഗീകരിക്കാതിരുന്നതുമാണ് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എം.എസ്.എഫ് ആരോപിച്ചു. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് പേരോട് അധ്യക്ഷത വഹിച്ച പ്രതിഷേധ മാർച്ചിൽ എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സീനിയർ വൈസ് പ്രസിഡണ്ട് എ.പി അബ്ദുസമദ് എന്നിവർ സംസാരിച്ചു.
യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എ ഷിജിത്ത് ഖാൻ, ഷഫീഖ് അരക്കിണർ, സൗത്ത് മണ്ഡലം പ്രസിഡന്റ് മൻസൂർ മാങ്കാവ് എന്നിവർ സംബന്ധിച്ചു.
എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ ഷാജു റഹ്മാൻ, ഷമീർ പാഴൂർ,അഫ്ലഹ് പട്ടോത്ത്,സഫീർ കെ.കെ, ജുനൈദ് പെരിങ്ങളം എന്നിവർ നേതൃത്വം നൽകി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് സ്വാഗതവും ട്രഷറർ റഷാദ് വി.എം നന്ദിയും അറിയിച്ചു.