തിരുവനന്തപുരം: വര്‍ഗീയതയെ ചെറുക്കുമെന്ന് പറയുന്ന എസ്.എഫ്.ഐക്ക് അവരുടെ വര്‍ഗം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. എം.എസ്.എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് ‘ചലോ സെക്രട്ടറിയേറ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമാധാനപരമായി പഠിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ എം.എസ്.എഫിനും യൂത്ത് ലീഗിനും പിന്നാലെ മുസ്‌ലിം ലീഗ് സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐയെ സഹായിക്കാന്‍ മുന്നില്‍നില്‍ക്കുന്ന പൊലീസുകാരുടെ കാക്കി യൂണിഫോം എ.കെ.ജി സെന്ററില്‍ നിന്നുള്ള പണം കൊണ്ട് വാങ്ങിയതല്ലെന്ന് ഓര്‍ക്കണം. എല്ലാക്കാലവും പിണറായി വിജയന്‍ കേരളത്തില്‍ മുഖ്യമന്ത്രിയായിരിക്കില്ലെന്നും അവര്‍ തിരിച്ചറിയണം. യൂണിവേഴ്‌സിറ്റി കോളജില്‍ അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന് കള്ള സീല്‍ ഉണ്ടാക്കാനും ഉത്തരക്കടലാസ് കൈവശം വെക്കാനുമെല്ലാം പൊലീസിന്റെ കൂടി ഒത്താശയുണ്ടായിരുന്നെങ്കില്‍ അതിനെ ചോദ്യം ചെയ്യാന്‍ ഇവിടെ കരുത്തുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനമുണ്ട്. ശിവരഞ്ജിത്തിന്റെ വീട് റെയ്ഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുകയാണ്. എസ്.എഫ്.ഐക്കാര്‍ ആഗ്രഹിക്കുന്നത് മാത്രം കാമ്പസുകളില്‍ നടക്കണമെന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടിട്ടുണ്ട്. സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിനു പോലും പ്രവേശനമില്ലാത്ത കാമ്പസാണിത്. എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കിയില്ലെങ്കില്‍ ചവിട്ടിത്തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുനീര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിയന്‍ ഓഫീസിനെ കുറിച്ച് താന്‍ നിയമസഭയില്‍ മന്ത്രി കെ.ടി ജലീലിനോട് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ആ മുറി അടച്ചുപൂട്ടിയെന്നാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് അദ്ദേഹം അതിന് നല്‍കിയ മറുപടി. എന്നാല്‍ എസ്.എഫ്.ഐയുടെ യൂണിയന്‍ ഓഫീസിന് വാതില്‍ പോലുമില്ല. മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലൂടെ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മന്ത്രി ജലീലിനെതിരെ അവകാശലംഘനത്തിന് പരാതി നല്‍കും. മന്ത്രിയെ കൊണ്ട് ഇക്കാര്യത്തില്‍ നിയമസഭയില്‍ തന്നെ മറുപടി പറയിക്കും. യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിന്റെ പേര് വിശ്വംഭരന്‍ എന്നാല്‍ പേരിനര്‍ത്ഥം ലോകം ഭരിക്കുന്നവന്‍ എന്നാണെങ്കിലും ഒരു കോളജ് പോലും മര്യാദക്ക് ഭരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും മുനീര്‍ പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, എം. ഉമ്മര്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, അഡ്വ, സുള്‍ഫിക്കര്‍ സലാം, കുറുക്കോളി മൊയ്തീന്‍ സംബന്ധിച്ചു.
അതിനിടെ യാതൊരു പ്രകോപനവുമില്ലാതെ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമമുണ്ടായി. യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ മുസ്‌ലിംലീഗ് നേതാക്കള്‍ക്കും പരിക്കേറ്റു. യാതൊരു മുന്നറിയിപ്പുമില്ലാതെ പൊലീസ് ഗ്രഡേഡ് പ്രയോഗിക്കുകയുമുണ്ടായി.