തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ അക്രമത്തിനെതിരെ എം.എസ്.എഫ് നടത്തിയ ‘ചലോ സെക്രട്ടറിയേറ്റി’ല്‍ പ്രതിഷേധമിരമ്പി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും സമീപകാലത്ത് തലസ്ഥാനം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ഭരണസിരാകേന്ദ്രം സാക്ഷിയായത്.
പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മാര്‍ച്ചിന് ആവേശം പകരാന്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും എത്തി. എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, എം. ഉമ്മര്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് തുടങ്ങിയ നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ എം.എസ്.എഫ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.ജില്ലയിലെ എസ്.ടി.യു നേതൃത്വവും അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി.
എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ താക്കീത് നല്‍കാന്‍ ‘ചലോ സെക്രട്ടറിയേറ്റി’ലൂടെ എം.എസ്.എഫിന് കഴിഞ്ഞത് മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്നതായി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ജനറല്‍ സെക്രട്ടറി എം.പി നവാസും നേതൃത്വം നല്‍കിയ പ്രതിഷേധ പ്രകടനം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് 12 മണിയോടെയാണ് ആരംഭിച്ചത്. കോരിച്ചൊരിയുന്ന മഴയത്തും അണമുറിയാതെ ഒഴുകിയെത്തിയ ഹരിത രാഷ്ട്രീയത്തിന്റെ പുതുതലമുറ, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കുതന്നെ മാതൃകയായി. കലാലയാന്തരീക്ഷം സമാധാനപരമാകണമെന്ന മുദ്രാവാക്യം ഉറക്കെ പറയുമ്പോഴും രക്തക്കറവീണ യൂണിവേഴ്‌സിറ്റി കോളജിനെ ജനാധിപത്യപരമായി വീണ്ടെടുക്കലാണ് എം.എഫ്.എഫിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു. അക്രമത്തിന്റെ പാതയില്‍ നിന്ന് പിന്തിരിയാന്‍ എസ്.എഫ്.ഐ തയാറാകണമെന്നും കേരളത്തിന്റെ പൊതുബോധം എസ്.എഫ്.ഐക്ക് എതിരായി ചിന്തിച്ചുതുടങ്ങിയിട്ട് കാലമേറെയായെന്ന് അവര്‍ മനസിലാക്കണമെന്നും ജനറല്‍ സെക്രട്ടറി എം.പി നവാസ് പറഞ്ഞു.മിസ്ഹബ് കീഴരിയൂര്‍, എം.പി നവാസ് എന്നിവര്‍ക്കൊപ്പം ഭാരവാഹികളായ യൂസുഫ് വല്ലാഞ്ചിറ, ഷരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, ഹാഷിം ബംബ്രാണി, ഫൈസല്‍ ചെറുകുന്നോന്‍, നിഷാദ്.കെ.സലീം, കെ. കെ.എ അസീസ്, സല്‍മാന്‍ ഹനീഫ്, എ.പി അബ്ദുസമദ്, കെ.ടി റഊഫ്, മുഫീദ തെസ്‌നി, ഷഫീഖ് വഴിമുക്ക്, നൗഫല്‍ കുളപ്പട, അജേഷ് കോടനാട്, വിപിന്‍ എം എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.