തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ പ്രതിഷേധിച്ച് ഭരണസിരാകേന്ദ്രത്തെ വിറപ്പിച്ച എം.എസ്.എഫ് മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ഉള്‍പെടെ ആറ് നേതാക്കള്‍ക്ക് പരിക്കേറ്റു. എം.എസ്.അഎഫ് പാലക്കാട് ജില്ലാ സെക്രട്ടറി ബിലാല്‍ മുഹമ്മദ്, യൂത്ത് ലീഗ് മുന്‍ തിരഅുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷഹീര്‍ജി അഹമ്മദ്, എം.എസ്.എഫ് നേതാക്കളായ ഷഫീഖ് വഴിമുക്ക്, അംജദ് കുരീപ്പള്ളി എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.
യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുന്ന വിവരം അറിഞ്ഞാണ് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് എത്തിയത്. ബീമാപള്ളി ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ പൊലീസ് ഗ്രഡേഡ് പ്രയോഗിക്കുകയായിരുന്നു. ആംബുലന്‍സിലും പൊലീസ് വാഹനങ്ങളിലുമാണ് പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഗ്രനേഡ് ആക്രമണത്തില്‍ ബോധംകെട്ടുവീണ ബീമാപള്ളി റഷീദിനെ മാധ്യമപ്രവര്‍ത്തകരാണ് താങ്ങിയെടുത്ത് ആംബുലന്‍സില്‍ കയറ്റിയത്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഡോ.എം.കെ മുനീറും എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയും പരിക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു.
ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് എം.എസ്.എഫ് പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സമരം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. മറ്റ് നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി കോളജിലേക്ക് പ്രകടനം നടത്തി. ഈ സമയം സെക്രട്ടറിയേറ്റിന് മുന്നിലുണ്ടായിരുന്ന പൊലീസ് സംഘം ഇവരെ പിന്തുടരുകയും യൂണിവേഴ്‌സിറ്റി കോളജിന്റെ പ്രധാന ഗേറ്റിന് മുന്നില്‍ വലയം തീര്‍ക്കുകയുമായിരുന്നു. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ മുദ്രാവാക്യം വിളി മാത്രമാണുണ്ടായത്. സെക്രട്ടറിയേറ്റിലെ ബാരിക്കേഡുകള്‍ക്ക് മുന്നില്‍ സംയമനം പാലിച്ച പൊലീസ് യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ തുടക്കത്തില്‍ തന്നെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു മൂന്നു തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പിന്നാലെ ഗ്രനേഡ് പൊട്ടിക്കുകയും ചെയ്തു.
തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടത്തി. ചിതറിയോടിയ പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചിട്ടുതല്ലി. കുറച്ചു പ്രവര്‍ത്തകര്‍ സ്‌പെന്‍സര്‍ ജംഗ്ഷനില്‍ നിന്ന് ബേക്കറിയിലേക്കുള്ള റോഡില്‍ നിലയുറപ്പിച്ചെങ്കിലും യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലുണ്ടായിരുന്ന പൊലീസുകാരില്‍ ഒരു വിഭാഗം ഇവിടേക്ക് വന്ന് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. വി.ജെ.ടി ഹാളിനുമുന്നിലും പാളയം സാഫല്യം കോംപ്ലക്‌സിനു സമീപത്തുമായി നിന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കു നേരെയും പൊലീസ് ആക്രമണമുണ്ടായി. ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി. മുന്‍കൂട്ടി പദ്ധതിയിട്ടതുപോലെ പൊലീസുകാര്‍ ഗ്രനേഡ് നിറച്ച ബാഗുകളുമായാണ് യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലേക്ക് വന്നത്. എം.എസ്.എഫ് പ്രകടനം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ചപ്പോള്‍ മുതല്‍ ശക്തമായ മഴയായിരുന്നു. എന്നാല്‍ മഴ വകവെക്കാതെ എം.എസ്.എഫ് ശക്തമായ പ്രതിഷേധമാണുയര്‍ത്തിയത്. കലാലയങ്ങളിലെ അക്രമം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠനാന്തരീക്ഷം ഉറപ്പാക്കുക, വിദ്യാര്‍ഥി പ്രവേശനത്തിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കുക, കേരള വി.സിയെയും പി.എസ്.സി ചെയര്‍മാനെയും പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എം.എസ്.എഫ് ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയത്.