X
    Categories: CultureMoreViews

വര്‍ഗീയതക്കും അക്രമത്തിനുമെതിരെ എം.എസ്.എഫ് കാമ്പസ് യാത്ര

കൊച്ചി: വര്‍ഗീയതയും ജനാധിപത്യ ധ്വംസനവും കാമ്പസുകളില്‍ നിന്ന് തുടച്ചു നീക്കി കലാലയ രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാനമൊട്ടാകെ കാമ്പസ് യാത്ര സംഘടിപ്പിക്കുന്നു. 13 ന് എറണാകുളത്ത് നിന്ന് കാമ്പസ് യാത്ര തുടങ്ങുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന യാത്ര കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വ്യത്യസ്ത കാമ്പസുകളില്‍ പര്യടനം നടത്തും.

അതിവൈകാരികമായി മതം ദുരുപയോഗം ചെയ്യുന്ന കാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ എത്രമാത്രം അപകടകരമാണെന്ന് എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ പൂര്‍ണമായും തെളിഞ്ഞിരിക്കുകയാണ്. കാമ്പസ് യാത്രക്ക് തുടക്കം കുറിക്കാന്‍ എറണാകുളം തെരഞ്ഞെടുത്തത് ഈ ഒരു പശ്ചാത്തലത്തിലാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകന്‍മാരെ യാത്രയില്‍ പങ്കെടുപ്പിക്കുമെന്നും മിസ്ഹബ് അറിയിച്ചു.

കലാലയങ്ങളിലെ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് കാമ്പസ്തലങ്ങളില്‍ പ്രത്യേക സമിതി രൂപീകരിക്കണം. കലാലയ രാഷ്ട്രീയത്തിന്റെ അവസാന ഇരയാണ് അഭിമന്യുവെന്ന് ഉറപ്പ് വരുത്തണമെന്നും മിസ്ഹബ് ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ശരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, സംസ്ഥാന സമിതി അംഗങ്ങളായ കെ.എം ഫവാസ്, അബ്ദുല്ല കാരുവള്ളി, അനീസ് പി മുഹമ്മദ്, അഡ്വ. പി.ഇ സജല്‍, റമീസ് മുതിരക്കാലായില്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: