കണ്ണൂര്‍: ‘വിവേചന രഹിത വിദ്യാഭ്യാസം വിദ്യാര്‍ത്ഥി സൗഹൃദ കലാലയം’ എന്ന മുദ്രാവാക്യവുമായി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എം.എസ്.എഫ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂരും ജനറല്‍ സെക്രട്ടറി എം.പി. നവാസും നയിക്കുന്ന കാമ്പസ് റൈഡ് കണ്ണൂര്‍ സര്‍വകലാശാലക്കു കീഴിലുള്ള കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളിലെ കാമ്പസുകള്‍ പൂര്‍ത്തിയാക്കി. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും പ്രവര്‍ത്തന മാര്‍ഗരേഖയും ചിട്ടയായ രൂപത്തില്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എം.എസ്.എഫ് കാമ്പസ് റൈഡ് സംഘടിപ്പിക്കുന്നത്.
കാസര്‍ക്കോട് മഞ്ചേശ്വരം ഗോവിന്ദ പൈ കോളജില്‍ നിന്നും ആരംഭിച്ച് ഐ.എച്ച്.ആര്‍.ഡി കോളജ് കുമ്പള, ഗവ. കോളജ് കുണിയ, അംബേദ്കര്‍ കോളജ് പെരിയ, സി.കെ. നായര്‍ കോളജ് പടന്നക്കാട്, നെഹ്‌റു കോളജ് കാഞ്ഞങ്ങാട്, ശറഫ് കോളജ് പടന്ന, തൃക്കരിപ്പൂര്‍ ആര്‍ട്ട് ആന്റ് സയന്‍സ് കോളജ്, എം.ജി. കോളജ് ചെണ്ടയാട്, എന്‍.എ.എം കോളജ് കല്ലിക്കണ്ടി, ഗവ. കോളജ് ചൊക്ലി, കൃഷ്ണമേനോന്‍ വനിതാ കോളജ് കണ്ണൂര്‍, സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് തളിപ്പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ സമാപിച്ചു. സംസ്ഥാന ഭാരവാഹികളായ ഷരീഫ് വടക്കയില്‍, ഹാഷിം ബംബ്രാണി, ഫൈസല്‍ ചെറുകുന്നോന്‍, നിഷാദ് കെ. സലിം, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഷാക്കിര്‍ ആഡൂര്‍, ഫായിസ് കവ്വായി, കെ.എം. ഫവാസ്, സി.കെ. നജാഫ് നേതൃത്വം നല്‍കി. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ കാമ്പസ് റൈസ് നാളെ ആരംഭിക്കും.