X

എം.എസ്.എഫ് ക്യാമ്പസ് കാരവൻ; ക്യാമ്പസുകളിൽ വിദ്യാർത്ഥി കോട്ടകളുണ്ടാവണം: പി.കെ.നവാസ്

മലപ്പുറം: കലാലയങ്ങളിൽ ഏകാധിപത്യ ശൈലിയിൽ എസ്.എഫ്.ഐ ചെങ്കോട്ടകൾ പണിയുമ്പോൾ അതിനെ പ്രതിരോധിക്കാൻ ക്യാമ്പസുകളിൽ ജനാധിപത്യ വിദ്യാർത്ഥി കോട്ടകളുണ്ടാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്. ‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ ക്യാമ്പസ് തിരഞ്ഞെടുപ്പോടനുബന്ധിച്ച് എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ്‌ കാരവൻ’ യാത്രയുടെ അഞ്ചാം ദിവസത്തിലെ സമാപനം അങ്ങാടിപ്പുറം പോളിടെക്നിക്ക് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകാധിപത്യമല്ല ജനാധിപത്യമാണ് വിദ്യാർത്ഥികൾ ഉയർത്തിപിടിക്കേണ്ടതെന്നും അതിനാണ് എം.എസ്.എഫ് നിലകൊള്ളുന്നത് പി.കെ.നവാസ് പറഞ്ഞു. എസ്.എഫ്.ഐ അധികാരത്തിൻ്റെ പിറകെ പോകുമ്പോൾ എം.എസ്.എഫ് അവകാശ ലംഘനങ്ങൾക്കെതിരെ വിദ്യാർത്ഥികളോടൊപ്പം മുന്നിൽ നിന്ന് പോരാട്ടം നടത്തുന്നതിൻ്റെ സാക്ഷ്യപ്പെടുത്തലാണ് കഴിഞ്ഞകാല ക്യാമ്പസ് തിരഞ്ഞെടുപ്പുകളിൽ എം.എസ്.എഫിനുണ്ടായ ഉജ്ജ്വല വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് സർക്കാരിൻ്റെ വിദ്യാഭാസ വിരുദ്ധ നയങ്ങൾക്കും എസ്.എഫ്.ഐയുടെ വിദ്യാർത്ഥി വിരുദ്ധ മനോഭാവങ്ങൾക്കെതിരെയുമുള്ള വിധിയെഴുത്താകും ഈ വരുന്ന ക്യാമ്പസ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

യാത്രയുടെ അഞ്ചാം ദിവസം മങ്കട ഗവ: കോളേജിൽ നിന്ന് തുടങ്ങി ചെറുകുളമ്പ് ഐ.കെ.ടി.എം കോളേജ്, രാമപുരം ജെംസ് കോളേജ്, തിരൂർക്കാട് നസ്റ കോളേജ്, പെരിന്തൽമണ്ണ പി.ടി.എം ഗവ: കോളേജ്, പൂപ്പലം എം.എസ്.ടി.എം കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി അങ്ങാടിപ്പുറം ഗവ: പോളിടെക്നിക് കോളേജിൽ അവസാനിച്ചു. നൂറു കണക്കിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മികച്ച സ്വീകരണമാണ് എല്ലായിടത്തും ക്യാമ്പസ് കാരവന് ലഭിച്ചത്.
മുസ്‌ലിംലീഗ് മങ്കട മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദ്, ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജാഥ വൈസ് ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജാഥ കോർഡിനേറ്റർമാരായ എം.എസ്.എഫ് ജില്ലാ ഭാരവാഹികൾ പി.ടി.മുറത്ത്, ടി.പി.നബീൽ, ഫർഹാൻ ബിയ്യം, സി.പി.ഹാരിസ്, ജാഥ മാനേജർ എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനർ നിസാം.കെ.ചേളാരി, ടെക്ക്ഫഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് മെമ്പർ റഹീസ് ആലുങ്ങൽ, ആഷിഖ് പാതാരി, എം.ശാക്കിർ, ആസിഫ് കൂരി, അറഫ ഉനൈസ്, ആദിൽ എടുവമ്മൽ, സൽമാൻ ഒടമല, ഹഫാർ കുന്നപ്പള്ളി, നബീൽ വട്ടപ്പറമ്പ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ജാഥയുടെ ആറാം ദിവസമായ ഇന്ന് മലപ്പുറം ഗവ: കോളേജ്, മലപ്പുറം ഗവ: വനിത കോളേജ്, മേൽമുറി എം.സി.ടി ലോ കോളേജ്, മേൽമുറി പ്രിയദർശ്ശിനി കോളേജ്, അത്താണിക്കൽ എം.ഐ.സി കോളേജ്, പൂക്കൊളത്തൂർ പ്രിസ്റ്റൻവാലി കോളേജ്, മഞ്ചേരി എച്ച്.എം കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.

webdesk17: