X

വിദ്യാര്‍ത്ഥി ദ്രോഹം തുറന്നു കാട്ടി എം.എസ്.എഫ് സെനറ്റ് മാര്‍ച്ച്

തേഞ്ഞിപ്പലം: വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ അധികാരികളുടെ നടപടിക്കെതിരെ എം. എസ്. എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ സെനറ്റിലേക്ക് മാര്‍ച്ച് നടത്തി.

ബിരുദ ഗ്രേഡ് കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യത ഉറപ്പ് വരുത്തുക, അവതാളത്തിലാവുന്ന പരീക്ഷാ നടപടിക്രമങ്ങളും ഫലപ്രസിദ്ധീകരണവും കുറ്റമറ്റതാക്കുക, ബിഎഡ്, ബിപിഎഡ്, എം പി എഡ് സെന്ററുകളുടെ അംഗീകാരം ഉറപ്പാക്കുക, നാല് വര്‍ഷമായി കായിക വിദ്യാര്‍ഥികളെ പീഢിപ്പിക്കുന്ന എസ് എഫ് ഐക്കെതിരെ നടപടിയെടുക്കുക, സര്‍വകലാശാലാ അധികാരികള്‍ വിദ്യാര്‍ഥി പക്ഷത്ത് നിലകൊള്ളുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
സെനറ്റ് യോഗം നടക്കുന്ന 100 മീറ്റര്‍ മാര്‍ച്ച് അകലെ പോലീസ് തടഞ്ഞു.

തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയും ചെയ്തു. എംഎസ്എഫ് ഉന്നയിച്ച ആവശ്യം അംഗീക്കാത്ത പക്ഷം വിസിയടക്കമുള്ളവരെ തടയുമെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍ പോലീസ് വലയം ബേധിച്ച് സെനറ്റ് ഹാളിന് മുന്നിലെത്തി. എം എസ് എഫ് ഉന്നയിച്ച ആവശ്യത്തിന്‍മേല്‍ സെനറ്റില്‍ അനുകൂല തീരുമാനമുണ്ടായതിന് ശേഷമാണ് വിസി യെ തടയുന്നതില്‍ നിന്ന് പിന്‍മാറിയത്.എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് സര്‍വകലാശാലയെ കാലിത്തൊഴുത്ത് സര്‍വകലാശാലയാക്കാനാണ് അധികാരക്കസേരയിലിരിക്കുന്ന ചിലര്‍ ശ്രമിക്കുന്നതെന്ന് മിസ്ഹബ് പറഞ്ഞു. അധികാരികള്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണം. സി.പിഎം കണ്ണുരുട്ടുമ്പോള്‍ പേടിക്കുന്ന ഒരു വൈസ് ചാന്‍സിലറും നിലവാരമില്ലാത്ത റജിസ്ട്രാറും സ്വന്തം വീട് പോലും ഭരിക്കാന്‍ കഴിയാത്ത പരീക്ഷാ കണ്‍ട്രോളറും സര്‍വകലാശാലക്ക് അപമാനമാണ്.കായിക വിദ്യാര്‍ഥികള്‍ റജിസ്റ്ററില്‍ സര്‍വകലാശാലാ റജിസ്റ്ററില്‍ ഒപ്പ് വെക്കുന്നവരാണെങ്കില്‍ അവര്‍ക്ക് മറ്റ് കുട്ടികളെപ്പോലെ തന്നെ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നും മിസ്ഹബ് പറഞ്ഞു.

യൂസുഫ് വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. ഷരീഫ് വടക്കയില്‍,കെ.കെ.എ അസീസ്,വി.കെ.എം ഷാഫി,കെ.എം ഫവാസ് ,കെ.ടി.റഊഫ്,കെ.സി മുഹമ്മദ് കുട്ടി,സി.ടി മുഹമ്മദ് ഷരീഫ്,പി.കെ നവാസ്, ടി.പി ഹാരിസ്,വി.പി അഹമ്മദ് സഹീര്‍,ലത്തീഫ് തുറയൂര്‍,വി.പി.സി ലുഖ്മാനുല്‍ഹഖീം,അഫ്‌സല്‍ യൂസുഫ് പ്രസംഗിച്ചു.

chandrika: