X

വിദ്യാര്‍ഥി കൂട്ടായ്മയുടെ സമാനതകളില്ലാത്ത വിജയം; എം.എസ്.എഫിനും ചരിത്ര പങ്കാളിത്തം

തിരുവനന്തപുരം: കൊടിയുടെ നിറവും രാഷ്ട്രീയവും തടസമാകാതെ ഒറ്റമനസ്സോടെ ഒരേ ലക്ഷ്യത്തോടെ ഒരുമാസത്തോളം നീണ്ട സഹനസമരത്തിന്റെ ഫലമാണ് ലോ അക്കാദമി വിദ്യാര്‍ഥികള്‍ നേടിയെടുത്ത വിജയം. സമാനതകളില്ലാത്ത വിദ്യാര്‍ത്ഥികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ 29ാം ദിനത്തില്‍ മാനേജ്‌മെന്റ് മുട്ടുമടക്കി.

വിദ്യാര്‍ഥി സംഘടനകളെല്ലാം ഒന്നിച്ച് അണിനിരന്ന സമരം, പെണ്‍കുട്ടികള്‍ അതിശക്തരായി രംഗത്തിറങ്ങിയ സമരം, കോളജ് ക്യാമ്പസിന്റെ നാലതിര്‍ത്തികളും കടന്ന് സംസ്ഥാനമൊട്ടാകെ അംഗീകാരം നേടിയെടുക്കപ്പെട്ട സമരം എന്നിങ്ങനെ പല നിലകളില്‍ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം സമീപകാല വിദ്യാര്‍ത്ഥി മുന്നേറ്റത്തില്‍ ഇടംപിടിക്കുന്നു. അതില്‍ കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ്, എ.ബി.വി.പി, ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി ഐക്യം എന്നിങ്ങനെ എല്ലാവര്‍ക്കും അവരവരുടേതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞു.

തുടക്കം മുതല്‍ സമരരംഗത്തുണ്ടായിരുന്ന എം.എസ്.എഫ് അതിശക്തമായി തന്നെ സമരരംഗത്ത് അവസാന നിമിഷം വരെയും ഉറച്ചുനിന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രവര്‍ത്തകരുടെ സമരരംഗത്തെ സാന്നിധ്യവും ശ്രദ്ധേയമായി. സമരത്തിന്റെ വിജയം വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉത്സവാരവത്തോടെയാണ് ഏറ്റെടുത്തത്. ചര്‍ച്ചയുടെ തുടക്കം മുതല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായുള്ള അനുകൂല നിലപാടുകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ കഴിഞ്ഞ ദിവസം വരെ സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും നിറഞ്ഞുനിന്ന ലോ അക്കാദമി പരിസരത്ത് ആഹ്ലാദം അലയടിച്ചു. ചര്‍ച്ചക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ പുറത്തുവന്ന് തീരുമാനം അറിയിച്ചതോടെ അതുവരെയുണ്ടായിരുന്ന സന്തോഷ പ്രകടനങ്ങള്‍ ഉച്ചസ്ഥായിയിലെത്തി.

മുദ്രാവാക്യങ്ങള്‍ വിളിച്ചും ആടിയും പാടിയും കൈകൊട്ടിയും അക്കാദമി മുഴുവന്‍ ഓടിനടന്ന് സന്തോഷ പ്രകടനങ്ങള്‍ നടത്തിയും പരസ്പരം കെട്ടിപ്പിടിച്ചും സമരപ്പന്തലിലെത്തി പാര്‍ട്ടിഭേദമന്യേ നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുമെല്ലാം ഓരോരുത്തരും അവരവരുടെ വികാരം പങ്കുവെച്ചു.
ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തുടങ്ങിയ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഒരു വലിയ സമര വിജയത്തിന് ഇടയാക്കിയതെന്ന് ഇതിന് തുടക്കം കുറിച്ച വിദ്യാര്‍ത്ഥി ക്രിസ്റ്റി പറയുന്നു.

പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യക്ക് ശേഷമുണ്ടായ സ്വാശ്രയ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ലോ അക്കാദമിയിലെയും പ്രശ്‌നങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. കോളജില്‍ ഒരു ക്യാമ്പയിന്‍ നടത്തുന്നതിന് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരോട് വിദ്യാര്‍ത്ഥികള്‍ അനുമതി ചോദിച്ചെങ്കിലും പ്രിന്‍സിപ്പല്‍ അനുവദിച്ചില്ല. തുടര്‍ന്ന് അവസാന ശ്രമമെന്നോണമാണ് പ്രിന്‍സിപ്പലിനെതിരെ ശബ്ദിക്കാന്‍ ഒരു വിദ്യാര്‍ത്ഥി മുന്നോട്ടുവന്നത്. ക്രമേണ അതുവരെ പ്രതികരിക്കാന്‍ ഭയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും സധൈര്യം മുന്നോട്ടുവരാന്‍ തുടങ്ങി.

കെ.എസ്.യുവും എം.എസ്.എഫും തുടങ്ങിവെച്ച സമരത്തില്‍ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ബി.വി.പി തുടങ്ങി വിദ്യാര്‍ത്ഥി സംഘടനകളെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്ന ശക്തമായ സമരത്തിനാണ് പിന്നീടുള്ള ദിനങ്ങള്‍ സാക്ഷിയായത്. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പുറമേ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന പെണ്‍കുട്ടികളെല്ലാം സമരത്തിനിറങ്ങിയതും പ്രക്ഷോഭത്തിന് കൂടുതല്‍ കരുത്ത് നല്‍കി. രക്ഷിതാക്കള്‍ ഉള്‍പ്പെടെ സമരപ്പന്തലിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും സമ്മര്‍ദത്തിന് വഴങ്ങി എസ്.എഫ്.ഐ പാതിവഴിയില്‍ സമരത്തില്‍ നിന്ന് പിന്മാറിയെങ്കിലും സമരം ലക്ഷ്യം കാണുംവരെ പതിന്മടങ്ങ് പോരാട്ടവീര്യവുമായി മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ ഉറച്ചുനിന്നു.

വിദ്യാര്‍ത്ഥി സമരം ന്യായമാണെന്ന് കണ്ടതോടെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പിന്തുണയുമായെത്തി. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ് തുടങ്ങിയവര്‍ക്ക് പുറമെ യൂത്ത് ലീഗ്,

എം.എസ്.എഫ് നേതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തലിലെത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് തുടങ്ങിയവര്‍ തിരുവനന്തപുരത്ത് തങ്ങി സമരത്തിന് നേതൃത്വം നല്‍കി. അക്കാദമിയുടെ ഭൂമി പ്രശ്‌നം, അഫിലിയേഷന്‍ സംബന്ധിച്ച വിഷയം എന്നിവയെല്ലാം ബാക്കി നില്‍ക്കുമ്പോഴും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം നേടിയെടുത്താണ് സമരത്തിന് തിരശ്ശീല വീണത്.

chandrika: