ബാംഗ്ലൂര്‍: രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നത് വഴി കേന്ദ്ര സര്‍ക്കാരും ബിജെപിയും ലക്ഷ്യം വെക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം ജനവിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്നതായി മാറിയിരിക്കുന്നെന്ന് എംഎസ്എഫ് ദേശീയ കമ്മിറ്റി പ്രമേയം. മുസ്ലിം ജനവിഭാഗമല്ലാത്ത മറ്റേത് വിഭാഗം ജനതയുടെയും കുടിയേറ്റത്തിന് നിയമപരമായി പരിരക്ഷ നല്‍കുന്നതടക്കമുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം കൊണ്ടുവരിക വഴി തങ്ങളുടെ അജണ്ട ഏതാണെന്ന് ഭരണകൂടം പരസ്യമായി തന്നെ വ്യക്തമക്കിയിരിക്കുകയാണ്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയും നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്ത മുസ്ലിം ജനവിഭാഗത്തെ രാജ്യത്ത് നിന്ന് ആട്ടിയോടിക്കാനുള്ള ആയുധമായി ദേശീയ പൗരത്വ രജിസ്റ്ററിനെ ബിജെപി മാറ്റിയെടുത്തിരിക്കുകയാണെന്നും പ്രമേയം വിലയിരുത്തി.
ആസ്സാമില്‍ നിന്ന് തുടക്കം കുറിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനത്തെ 14.5 ശതമാനം വരുന്ന ജനത ആശങ്കയോടെയാണ് കാണുന്നത്. രാജ്യത്തെ ജനങ്ങളെ വിവേചനത്തോടെ കാണുന്ന ഈ സമീപനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 നു എതിരാണെന്നും പ്രമേയം ചൂണ്ടിക്കാണ്ടി. ഇതിനെതിരെ രാജ്യവ്യാപകമായി ക്യാംപസുകളിലും പുറത്തും സമാന മനസ്‌കരെ കൂട്ടിയോജിപിച്ച് പ്രചാരണം നടത്തുവാനും എംഎസ്എഫ്തീരുമാനിച്ചു.
ബാംഗ്ലൂരില്‍ നടന്ന ദേശീയ ഭാരവാഹി യോഗത്തില്‍ ദേശീയ സെക്രട്ടറി അഡ്വ : എന്‍.എ കരീം പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ടി പി അഷ്‌റഫലി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അര്‍ഷാദ് തമിഴ്‌നാട്, ട്രഷറര്‍ നൗഷാദ് മലര്‍ (കര്‍ണ്ണാടക), ഭാരവാഹികളായ ഇ. ഷമീര്‍, അഹമ്മദ് സാജു, സിറാജ് നദ്‌വി (ലക്‌നോ), അതീബ് മാസ് ഖാന്‍ (ഡല്‍ഹി). സോണല്‍ സെക്രട്ടറി മാരായ മുഹമ്മദ് ഫൈസാന്‍ (തമിഴ്‌നാട്), അഹമ്മദ് സുഹൈല്‍ (ആസ്സാം), മന്‍സൂര്‍ ഹുദവി, ബാംഗ്ലൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അക്മല്‍ പാഷ തുടങ്ങിയവര്‍ സംസാരിച്ചു