X

കേരള യൂണിവേഴ്‌സിറ്റി ഭരണ നിശ്ചലാവസ്ഥ: സര്‍ക്കാര്‍ ഇടപെടണമെന്ന് എം.എസ്.എഫ്

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ഭരണ നിശ്ചലാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ , പി.വി.സി തുടങ്ങിയ സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നത് കാരണം പരീക്ഷ നടത്തിപ്പ്, റിസള്‍ട് പ്രസിദ്ധീകരണം, സര്‍ട്ടിഫിക്കറ്റ് വിതരണം, സെമസ്റ്റര്‍ സമ്പ്രദായം തുടങ്ങിയവ താളം തെറ്റി കിടക്കുകയാണ്.

ജൂണ്‍, ജൂലൈ കാലയളവില്‍ തുടങ്ങിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ യഥാക്രമം നവംബര്‍ ഡിസംബര്‍ കാലയളവില്‍ തുടങ്ങേണ്ടതാണ്.. അധ്യായനവര്‍ഷം അവസാനിക്കാറായിട്ടും പരീക്ഷയെ കുറിച്ച് കൃത്യമായ ഒരു മറുപടി സര്‍വകലാശാല നല്‍കിയിട്ടില്ല. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയുടെ കാര്യത്തിലും ഇത് വരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. കൃത്യമായി പരീക്ഷ നടന്നു ഫലം പുറത്തു വന്നെങ്കില്‍ മാത്രമേ കേന്ദ്ര സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള കാമ്പസുകളില്‍ പ്രവേശനം നേടാന്‍ സാധിക്കുകയുള്ളൂ.

സെപ്റ്റംബറില്‍ തുടങ്ങിയ ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ എക്‌സാം ജനുവരി ഫെബ്രുവരി കാലയളവില്‍ നടക്കേണ്ടതാണ്. നിലവിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ റിസള്‍ട്ട് വരാത്തതിനാലാണ് പരീക്ഷ അനന്തമായി നീളുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികളുടെ പരീക്ഷഫലം ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും വരാത്തതിനാല്‍ അവരുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങള്‍ നഷ്ടപെട്ട്‌കൊണ്ടിരിക്കുകയാണ്. മേല്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു പരിഹരിക്കാന്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം എം.എസ്.എഫ് ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും നിയമ ഇടപെടലുകള്‍ക്കും നേത്രത്വം നല്‍കുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷഫീക് വഴിമുക്ക് ഹമീം മുഹമ്മദ് , ബരീറ താഹ എന്നിവര്‍ പങ്കെടുത്തു.

chandrika: