മെല്‍ബണ്‍:എം.എസ് തന്നെ മഹാന്‍…. ആദ്യ പന്തില്‍ തന്നെ ക്യാച്ച് നല്‍കിയിട്ടും രണ്ട് വട്ടം റണ്ണൗട്ട് അവസരം നല്‍കിയിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ നിന്ന ഓസീസ് പുതുമുഖ നിരക്ക് മുന്നിലൂടെ എം.എസ് ഓടിക്കയറി. നാല് പന്ത് ബാക്കി നില്‍ക്കെ രാജ്യത്തിന് ഏഴ് വിക്കറ്റ് വിജയം സമ്മാനിക്കുമ്പോള്‍ മഹേന്ദ്രസിംഗ് ധോണി എന്ന സീനിയര്‍ താരത്തിനൊപ്പം 61 റണ്‍സ് നേടി പുതിയ താരം കേദാര്‍ യാദവും. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരക്ക്് പിറകെ ഏകദിന പരമ്പരയും സ്വന്തമാക്കുന്ന നായകന്‍ എന്ന അപൂര്‍വ്വ ബഹുമതി വിരാത് കോലി സ്വന്തമാക്കിയപ്പോല്‍ സുദീര്‍ഘമായ പരമ്പരക്ക് ശേഷം ഇന്ത്യ കങ്കാരുനാട്ടില്‍ നിന്ന് വിജയശ്രീലാളിതരായി മടങ്ങുന്നു. ടി-20 പരമ്പര മാത്രമാണ് ഇന്ത്യക്ക് കൈമോശം വന്നത്.
ഇന്നലെ പരമ്പര നിര്‍ണയിക്കുന്ന അവസാന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഓസ്‌ട്രേലിയക്കാരായിരുന്നു. പതുക്കെ പ്രതികരിച്ച പിച്ചില്‍ നിന്നും 42 റണ്‍സ് മാത്രം നല്‍കി ആറ്് ഓസ്‌ട്രേലിയക്കാരെ കൂടാരം കയറ്റിയ യൂസവേന്ദ്ര ചാഹല്‍ എന്ന സ്പിന്നര്‍ക്ക്് മുന്നില്‍ തല താഴ്ത്തിയ ആതിഥേയര്‍ 230 റണ്‍സാണ് നേടിയത്. 58 റണ്‍സ് നേടിയ ഹാന്‍ഡ്‌സ്‌കോമ്പ് മാത്രമായിരുന്നു പൊരുതി നിന്നത്. ഇന്ത്യന്‍ മറുപടിയില്‍ ഓപ്പണര്‍മാര്‍ പതറിയിടത്താണ് എം.എസ് മഹാമേരുവായി മാറിയത്. ഭാഗ്യമെന്ന രണ്ടക്കത്തിന് നന്ദി പറയുന്ന അദ്ദേഹം പ്രതികൂലതയെ ആയുധമാക്കി അവസരത്തിനൊത്തുയര്‍ന്നു. പുറത്താവാതെ 87 റണ്‍സ് നേടി എം.എസ് പരമ്പരയിലെ കേമനായപ്പോള്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച ബൗളിംഗ് മികവില്‍ ചാഹല്‍ കളിയിലെ കേമനായി മാറി.
പരമ്പരയില്‍ ആദ്യമായി കളിക്കുന്നവരായ ചാഹലും കേദാറും ഓസ്‌ട്രേലിയക്കാര്‍ക്ക് പുതിയ മുഖങ്ങളായിരുന്നു. ചാഹലിന്റെ ഓഫ് സ്പിന്നില്‍ ആദ്യം വീണത് പരമ്പരയില്‍ കത്തി നില്‍ക്കുന്ന ഷോണ്‍ മാര്‍ഷായിരുന്നു. ചാഹലിന്റെ രണ്ടാം പന്തില്‍ തന്നെ മാര്‍ഷ് മടങ്ങി. മൂന്ന് സ്‌പെല്ലുകളായാണ് വിരാത് കോലി ചാഹലിനെ ഉപയോഗപ്പെടുത്തിയത്. മൂന്ന് സ്‌പെല്ലിലുമായി രണ്ട് വീതം വിക്കറ്റുകള്‍. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 22 റണ്‍സിന് അഞ്ച് വിക്കറ്റായിരുന്നു ഇത് വരെ ചാഹലിന്റെ വലിയ നേട്ടം. സ്‌ക്കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മുതല്‍ തുടങ്ങിയതാണ് ഓസീസ് പതനം. ഭുവനേശ്വറില്‍ നിന്നായിരുന്നുതുടക്കം. പിറകെ നായകന്‍ ഫിഞ്ചും മടങ്ങി. മൂന്നാം വിക്കറ്റില്‍ ഉസ്മാന്‍ ക്വാജയും ഷോണ്‍ മാര്‍ഷും പൊരുതി നിന്നപ്പോഴായിരുന്നു ചാഹലിന്റെ വരവ്. പിന്നെ കണ്ടതെല്ലാം പതനമായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ 28 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി 47 റണ്‍സിന് രണ്ട് പേരെ പുറത്താക്കി. ബാക്കി കാര്യങ്ങളെല്ലാം ചാഹലിന്റെ വകയായിരുന്നു. പുതിയ താരം വിജയ് ശങ്കര്‍ ആറോവറില്‍ 23 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
48.4 ഓവറില്‍ ഓസ്‌ട്രേലിയക്കാര്‍ എല്ലാവരും പുറത്തായി. മറുപടി ഇന്ത്യക്ക് എളുപ്പമായിരുന്നില്ല. രോഹിത് ശര്‍മയും ശിഖര്‍ ധവാനും പുറത്താവുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 59 റണ്‍സ്്. വിരാത് കോലി-എം.എസ് ധോണി സഖ്യം ഭാഗ്യപരീക്ഷണങ്ങള്‍ക്ക്് ശേഷം പൊരുതി നിന്നു. മൂന്ന് ബൗണ്ടറികളുമായി 46 റണ്‍സ് നേടിയ കോലി പുറത്തായതോടെ സമ്മര്‍ദ്ദം ഇരട്ടിയായി. പക്ഷേ പകരമെത്തിയ കേദാര്‍ യാദവിനെ സാക്ഷി നിര്‍ത്തി ധോണി നങ്കുരക്കാരനായി. 57 പന്തില്‍ ഏഴ് ബൗണ്ടറികളുമായി കേദാറായിരുന്നു അവസാനത്തില്‍ മിന്നിയത്.