മുംബൈ: വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍സി എന്ന കാഴ്ച്ചപ്പാട് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമല്ലെന്നും അതിനാലാണ് താന്‍ ഏകദിന, ടി20 നായക സ്ഥാനം ഒഴിഞ്ഞതെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ക്യാപ്റ്റന്‍സി ഒഴിഞ്ഞതിന് ശേഷമുളള ആദ്യ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏകദിനത്തിലും ടി20യിലും നായകസ്ഥാനം വഹിക്കുന്നത് വലിയ വെല്ലുവിളി അല്ലെന്നും വിരാട് കോലി ഇപ്പോള്‍ അതിന് പ്രാപ്തനാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു. കളിക്കളത്തില്‍ ഇനി തനിക്ക് ഉപനായകന്റെ ഉത്തരവാദിത്വമാണ് വഹിക്കാനുളളത്. ഫീല്‍ഡിംഗ് സജ്ജീകരിക്കുന്നതിന് എല്ലാ വിധ സഹായവും കോലിക്ക് ചെയ്ത് കൊടുക്കുമെന്നും ധോണി പറഞ്ഞു. പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും കീപ്പര്‍മാരാണ് എപ്പോഴും ടീമിലെ വൈസ് ക്യാപ്റ്റന്‍മാര്‍, വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്ത ഫീല്‍ഡിംഗ് ഒരുക്കേണ്ടതുണ്ട്, അതിന് താന്‍ കോലിയെ സഹായിക്കും, എനിക്ക് കഴിയുന്ന നിരവധി നിര്‍ദേശങ്ങളും അദ്ദേഹത്തിന് നല്‍കാനാകും’ ധോണി പറഞ്ഞു. നായക സ്ഥാനം ഒഴിയാന്‍ ഈ സമയം തെരഞ്ഞെടുത്തതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി വരെ ടീമില്‍ നായകനായി തുടരാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ധോണി മറുപടി നല്‍കിയത്.
ചാമ്പ്യന്‍സ് ട്രോഫി വരെ തുടര്‍ന്നിരുന്നെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ ചില റെക്കോര്‍ഡുകള്‍ നേടാന്‍ കഴിയുമായിരുന്നു. പക്ഷേ ടീമിന് അത് യാതൊരു പ്രയോജനവും ചെയ്യില്ലായിരുന്നെന്നും, അതുകൊണ്ടാണ് ഈ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ധോണി പറഞ്ഞു. നേരത്തെ ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയന്‍ പരമ്പരയുടെ പാതിവഴിയില്‍ ക്യാപ്റ്റന്‍സി ഉപേക്ഷിച്ച് പോയതെന്താണെന്ന് നിരവധി പേര്‍ തന്നോട് ചോദിച്ചിരുന്നെന്നും ചില സമയങ്ങളില്‍ അത്തരമൊരു തീരുമാനം എടുക്കേണ്ടി വരുമെന്നും ധോണി പറഞ്ഞു. വൃദ്ധിമാന്‍ സാഹ തനിയ്ക്ക് പകരക്കാരനാണെന്ന് മനസ്സിലാക്കിയതിനാലാണ് ടെസ്റ്റില്‍ നിന്നും താന്‍ വിരമിച്ചതെന്നും അതുപോലെ തന്നെയാണ് കോലിക്കായി താന്‍ ഏകദിനത്തില്‍ സ്ഥാനം ഒഴിഞ്ഞു നല്‍കിയതെന്നും ധോണി പറഞ്ഞു.