എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ് ധോണി നിലവില്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാവരുടെയും സ്നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി പറയുന്നതായി ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. 2004 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റിട്വന്റി, ചാംപ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സമ്മാനിച്ച ഏക നായകനുമാണ് ധോണി.
2004 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വിക്കറ്റ് കീപ്പര്‍മാരെ മാറിമാറി പരീക്ഷിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങളായി മറ്റൊരു പേരിനേക്കുറിച്ച് ചിന്തിക്കേണ്ടതില്ല എന്ന നിലയിലേക്ക് ധോണി എത്തിച്ചിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരില്‍ ഏകദിനത്തില്‍ മാത്രം 317 ക്യാച്ചുകളും 122 സ്റ്റംപിംഗുകളുമുണ്ട്.