ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നത് ഒരു പിടി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്മാരിലൊരാളെന്ന് തെളിയിച്ച മഹി, ഇനി യുവതാരം വിരാട് കോഹ്‌ലിക്ക് കീഴിലാവും പാഡണിയുക. 2004ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ധോണി ഏകദിനത്തില്‍ അരങ്ങേറിയത്. പിന്നീട് ധോണിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ധോണിയുടെ പേരിലുള്ള ഒരു പിടി നേട്ടങ്ങള്‍ അറിയാം.
ഐ.സി.സിയുടെ മൂന്ന് പ്രധാന കിരീടങ്ങള്‍ നേടിയ ഏക ക്യാപ്റ്റന്‍ ധോണി മാത്രമാണ്. ടി20, ഏകദിന, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളാണത്. സാക്ഷാല്‍ റിക്കി പോണ്ടിങ്ങിന് പോലും ഇത്തരത്തിലൊന്ന് അവകാശപ്പെടാനില്ല. 2007ല്‍ പ്രഥമ ടി20 കിരീടവും 2011ല്‍ ഐ.സി.സി ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണി ഇന്ത്യക്കായി നേടിത്തന്നു.
റിക്കിപോണ്ടിങ്ങിന് ശേഷം ക്യാപ്റ്റനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയത് ധോണിയാണ്. പോണ്ടിങ് 165 ജയം സ്വന്തമാക്കിയെങ്കില്‍ ധോണി 110 വിജയങ്ങള്‍ കൊണ്ടുവന്നു. ഇന്ത്യക്കായി മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനെക്കാളും 20 വിജയങ്ങള്‍ കൂടുതല്‍ ധോണി നേടി. 100 വിജയങ്ങള്‍ നേടിയ മറ്റൊരു നായകന്‍ ഓസ്‌ട്രേലിയക്കാരന്‍ അലന്‍ ബോര്‍ഡര്‍ ആണ്.
ടി20യില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ധോണിയുടെ നായകത്വത്തിന് കീഴിലാണ്. 41 വിജയങ്ങള്‍ ധോണി കൊണ്ടുവന്നെങ്കില്‍ തൊട്ടടുത്തുള്ള മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിക്ക് 27 എണ്ണത്തിലെ വിജയിക്കാനായുള്ളൂ. 72 ടി20 മത്സരങ്ങളില്‍ ധോണി ടീമിനെ നയിച്ചു. മറ്റൊരു ക്യാപ്റ്റനും ഇത്രയും മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടില്ല. 271 മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ടീമിനെ നയിച്ചു. മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും ഇങ്ങനെയൊരു നേട്ടം അവകാശപ്പെടാനില്ല.
ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റനായി 199 ഏകദിനങ്ങളില്‍ ടീമിനെ നയിച്ചു. ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ റെക്കോര്‍ഡാണിത്. അസ്ഹറുദ്ദീന്റ പേരിലുള്ള(174) റെക്കോര്‍ഡാണ് ധോണി സ്വന്തം പേരിലാക്കിയത്. എല്ലാ ഫോര്‍മാറ്റിലുമായി കൂടുതല്‍ തവണ ടീമിനെ നയിച്ചുവെന്ന നേട്ടവും ധോണിയുടെ പേരിലാണ്. ധോണി 331 മത്സരങ്ങള്‍ നയിച്ചുവെങ്കില്‍ പോണ്ടിങ് 324 മത്സരങ്ങളിലെ ക്യാപ്റ്റനായുള്ളൂ. 303 മത്സരങ്ങളുമായി മൂന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളമിങ് ആണ്.
ടി20 ക്യാപ്റ്റനെന്ന നിലയില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ കൂടുതല്‍ തവണ പുറത്താകാതെ നിന്ന ക്യാപ്റ്റനെന്ന നേട്ടവും ധോണിയുടെ പേരിലാണ്. 12 തവണയാണ് ഇന്ത്യ ജയിക്കുമ്പോള്‍ ധോണിയും ക്രീസിലുണ്ടായിരുന്നത്. അഞ്ച് തവണ പുറത്താകാതെ നിന്ന ഓസ്‌ട്രേലിയയുടെ ജോര്‍ജ് ബെയ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. ക്യാപ്റ്റനെന്ന നിലയ്ക്ക് 6633 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.