ന്യൂഡല്‍ഹി: 2018ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ പി പരമേശ്വരനും സംഗീത സംവിധായകന്‍ ഇളയരാജക്കും പത്മ വിഭൂഷണ്‍ പുരസ്‌കാരവും മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോസ്റ്റം തിരുമേനിക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്.ധോണിയും പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ബൗദ്ധിക മുഖവും ആര്‍.എസ്.എസിന്റെ മുതിര്‍ന്ന പ്രചാരകനുമാണ് ആലപ്പുഴ സ്വദേശിയായ പി പരമേശ്വരന്‍. 1999 മുതല്‍ 2007 വരെ മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനായിരുന്ന മെത്രപൊലീത്ത 2007ല്‍ സ്ഥാനത്യാഗം ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27ന് ക്രിസ്റ്റോസ്റ്റം തിരുമേനി 100-ാം ജന്മദിനം ആഘോഷിച്ചിരുന്നു. രണ്ട് മലയാളികള്‍ പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായി. നാട്ടു വൈദ്യത്തില്‍ വിതുര സ്വദേശി ലക്ഷ്മിക്കുട്ടിയും സാന്ത്വന ചിക്തിസയില്‍ എം. ആര്‍ രാജഗോപാലുമാണ് പത്മ ശ്രീ നേടിയത്. പാലിയേറ്റം എന്ന സംഘടനയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്വദേശിയായ ഡോ. എം.ആര്‍ രാജഗോപാല്‍ 23 വര്‍ഷമായി സാന്ത്വന ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്നു.
കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലക്ക് അശോക ചക്രം
ന്യൂഡല്‍ഹി: കശ്മീരില്‍ കഴിഞ്ഞ നവംബറില്‍ ആറു തീവ്രവാദികളെ വകവരുത്താന്‍ നേതൃത്വം നല്‍കിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് കമാന്റോ കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലക്ക് മരണാനന്തര ബഹുമതിയായി അശോക ചക്രം സമ്മാനിക്കും. ഐ.എ.എഫ് ചരിത്രത്തില്‍ അശോക ചക്രം നേടുന്ന മൂന്നാമത്തെയാളാണ് നിരാല. നിരാലയുടെ അശോക ചക്രം ഉള്‍പ്പെടെ 390 ധീരത പുരസ്‌കാരങ്ങള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. മേജര്‍ വിജയന്ത് ബിസ്തിന് കീര്‍ത്തി ചക്രയും മേജര്‍ അഖില്‍ രാജ്, ക്യാപ്റ്റന്‍മാരായ രോഹിത് ശുക്ല, അഭിനവ് ശുക്ല, പ്രദീപ് ശൗര്യ ആര്യ, ഹവില്‍ദാര്‍ മുബാറക് അലി, ഹവില്‍ദാര്‍ രബ്രീന്ദ്ര ഥാപ്പ, നായിക് നരേന്ദര്‍ സിങ്, ലാന്‍സ് നായിക് ബദര്‍ ഹുസൈന്‍, പാരാട്രൂപ്പര്‍ മഞ്ചു, കോര്‍പറല്‍ നിലേശ് കുമാര്‍ നായന്‍ (മരണാനന്തരം), സര്‍ജന്റ് കൈര്‍നര്‍ മിലിന്ദ് കിശോര്‍ (മരണാനന്തരം), കോര്‍പറല്‍ ദേവേന്ദ്ര മെഹ്ത എന്നിവര്‍ക്ക് ശൗര്യ ചക്ര പുരസ്‌കാരവും സമ്മാനിക്കും.