X

ഡെല്‍ഹിയെ തോല്‍പ്പിച്ചു ചെന്നൈ തലപ്പത്ത്

പൂനെ: വീണ്ടും ചെന്നൈ… ഇത്തവണ ഇരയായത് ഡല്‍ഹിക്കാര്‍. തട്ടുതകര്‍പ്പന്‍ ബാറ്റിംഗ് വീരഗാഥയുമായി ഷെയിന്‍ വാട്ട്‌സണും മഹേന്ദ്രസിംഗ് ധോണിയും കളം വാണപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നേടിയത് നാല് വിക്കറ്റിന് 211 റണ്‍സ്. മറുപടി ബാറ്റിംഗില്‍ നായകന്‍ ശ്രേയാംസ് അയ്യരിലായിരുന്നു ഡല്‍ഹിക്കാരുടെ പ്രതീക്ഷകള്‍. കഴിഞ്ഞ മല്‍സരത്തില്‍ ഞെട്ടിക്കല്‍ ബാറ്റിംഗ് പ്രകടനം നടത്തിയ യുവതാരം പക്ഷേ 13 റണ്‍സുമായി റണ്ണൗട്ടായപ്പോള്‍ റിഷാഭ് പന്താണ് പോരാട്ടം നയിച്ചത്. പക്ഷേ അദ്ദേഹത്തിന് ടീമിനെ രക്ഷിക്കാനായില്ല.

 

സെഞ്ച്വറി നേട്ടവുമായി ഇത്തവണ ബാറ്റിംഗ് കലയില്‍ തന്റെ അനുഭവസമ്പത്ത് ഇതിനകം തെളിയിച്ച ഓസ്‌ട്രേലിയക്കാരന്‍ വാട്ട്‌സണ്‍ 40 പന്തില്‍ നേടിയത് 78 റണ്‍സ്. ഏഴ് സിക്‌സറുകള്‍ അദ്ദേഹം പൂനെ മൈതാനത്തിലൂടെ പറത്തി. നാല് തവണ ബൗണ്ടറിയും. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡൂപ്ലസി ആയിരുന്നു വാട്ട്‌സണ് ഓപ്പണിംഗില്‍ കൂട്ട്. 33 പന്തില്‍ 33 റണ്‍സ് നേടി ഡൂപ്ലസി. സുരേഷ് റൈന പെട്ടെന്ന് പുറത്തായെങ്കിലും അമ്പാട്ട് റായിഡു 41 റണ്‍സ് നേടാന്‍ 25 പന്ത് മാത്രമാണ് നേരിട്ടത്. യഥാര്‍ത്ഥ വെടിക്കെട്ട് മഹിയുടെ ബാറ്റില്‍ നിന്നായിരുന്നു. 22 പന്തില്‍ അഞ്ച് പടുകൂറ്റന്‍ സിക്‌സര്‍ ഉള്‍പ്പെടെ പുറത്താവാതെ 51 റണ്‍സ്. ആ ഇന്നിംഗ്‌സാണ് ഡല്‍ഹിയുടെ പ്രതീക്ഷകളെ തകിടം മറിച്ചത്.

 

ജയത്തോടെ എട്ടു കളികളില്‍ നിന്നായി 12പോയന്റുളള ചെന്നൈ റണ്‍റേറ്റ് മികവില്‍ ഒന്നാം പോയന്റ് ടേബിളില്‍ സ്ഥാനത്തെത്തി

chandrika: