X

ധോനി എഫക്ട്; ‘ക്രിക്കറ്റിനോട്’ വിടപറഞ്ഞ് പാക് ആരാധകന്‍ ചാച്ചാ ചിക്കാഗോ

ന്യൂഡല്‍ഹി: എംഎസ്ഡി എന്ന ബ്രാന്റ് നെയ്മില്‍ അറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി വിരമിച്ചതൊടെ താരത്തോടുള്ള സ്‌നേഹത്തില്‍ ക്രിക്കറ്റ് ആസ്വാദനത്തോടുതന്നെ വിടപറഞ്ഞ് പാക് ആരാധകന്‍. ക്യാപ്റ്റന്‍ കൂളിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം ആരാധകരില്‍ അമ്പരപ്പ് തീര്‍ത്തിരിക്കെ കൗതുകമെന്നോണം പിന്നാലെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് തുടര്‍ച്ചയെന്നാണമാണ് ചാച്ചാ ചിക്കാഗോ എന്ന പേരില്‍ ധോനിയുടെ കട്ട ഫാനും പാകിസ്ഥാന്‍ സ്വദേശിയുയായ മുഹമ്മദ് ബാഷിര്‍ ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധോനി കളംവിട്ട സ്ഥിതിക്ക് ഇനി താനെന്തിനു നോക്കി നില്‍ക്കണമെന്നാണ് ചാച്ചാ ചോദിക്കുന്നത്.

‘ധോനി വിരമിച്ചു, ഞാനും. അദ്ദേഹമില്ലാത്ത ക്രിക്കറ്റ് കളി കാണാനായി യാത്ര ചെയ്യാന്‍ ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല. ഞാന്‍ ധോനിയെ അത്രക്ക് സ്‌നേഹിച്ചിരുന്നു. അദ്ദേഹം എന്നെയും,” ചിക്കാഗോയില്‍ റെസ്റ്റോറന്റ് ഉടമ കൂടിയായ ബാഷിര്‍ പി.ടി.ഐയോട് പ്രതികരിച്ചു.

”എല്ലാ മികച്ച കളിക്കാരേയു ഒരു ദിവസം സമയം തിരിച്ചുവിളിക്കുക തന്നെചെയ്യും. എന്നാല്‍ ധോനിയുടെ വിരമിക്കല്‍ എന്നെ വല്ലാതെ സങ്കടപ്പെടുത്തുകയും വലിയ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരികയും ചെയ്യുന്നു. ഗംഭീരമായൊരു വിടവാങ്ങള്‍ ചടങ്ങിന് അദ്ദേഹം അര്‍ഹനാണ്, അത് സംഭവിക്കേണ്ടതുമുണ്ട്” ചാച്ച കൂട്ടിച്ചേര്‍ത്തു.

ധോനി ആരാധകരിലെ ഏറ്റവും തലമൂത്തയാളാണ് ചാച്ചാ. 2011 ലോകകപ്പില്‍ മൊഹാലിയില്‍ നടന്ന ഇന്ത്യ പാക് മത്സരം കാണാന്‍ ടിക്കറ്റെടുത്തു നല്‍കിയതോടെയാണു ധോനി ചാച്ചാ ബന്ധം തുടങ്ങുന്നത്. 2018 ഏഷ്യാ കപ്പിനിടെ ധോനി ഹോട്ടല്‍ മുറിയിലേക്കു വിളിപ്പിച്ചു ജഴ്‌സി ഊരിത്തന്നത് അത്ഭുതത്തോടെയാണ് ബാഷിര്‍ ഇന്നും ഓര്‍ക്കുന്നത്്. 2015 ലോകകപ്പിനിടെ സിഡ്‌നിയില്‍ താന്‍ പൊരിവെയിലത്തിരുന്നു കളി കാണുമ്പോള്‍ സുരേഷ് റെയ്‌ന സണ്‍ ഗ്ലാസുമായി വന്നതും ഓര്‍ക്കുന്നു. ധോനി ഭായ് തന്നുവിട്ടതാണെന്ന് പറഞ്ഞായിരുന്നു റെയ്‌ന സണ്‍ ഗ്ലാസ് തന്നതെന്നും ചാച്ച വികാരഭരിതനായി ഓര്‍മിച്ചു.

ഇന്ത്യ-പാക് മത്സര വേദികളില്‍ പാകിസ്ഥാന്‍ പതാക വീശുന്ന ചൗധരി അബ്ദുല്‍ ജലീല്‍ (ചാച്ചാ ക്രിക്കറ്റ്) എന്ന പ്രശസ്ത ആരാധകനില്‍ നിന്നാണു ബാഷിറിനു ആ പേരു ലഭിച്ചത്. കറാച്ചിയില്‍ ജനിച്ച ബാഷിര്‍, യുഎസിലെ ചിക്കാഗോയില്‍ റസ്റ്റോറന്റ് നടത്തുകയാണ്. 2011നുശേഷം ഇന്ത്യ പാക് ക്രിക്കറ്റ് മത്സരം നടന്നപ്പോഴെല്ലാം ചാച്ചാ ഷിക്കാഗോയ്ക്കു ധോനിയുടെ വക ഒരു ടിക്കറ്റ് ഉറപ്പായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ ചാച്ചായ്ക്കു ടിക്കറ്റ് കൊടുത്തതും ധോനി തന്നെ. ധോനി കളം വിട്ട സ്ഥിതിക്ക് ഇഷ്ട താരത്തെ റാഞ്ചിയില്‍പ്പോയി കാണണമെന്ന് ആഗ്രഹം മാത്രമേ ഇനി ചാച്ചായ്ക്ക് ബാക്കിയുള്ളൂ.

 

 

chandrika: