ഭൗതിക ലോകത്തേക്ക് മനുഷ്യജീവിതത്തെ ബന്ധിപ്പിക്കുന്ന പാലമാണ് മൊബൈല്‍ ഫോണ്‍. കേരളത്തില്‍ മൊബൈല്‍ ഫോണ്‍ സേവനം ആരംഭിച്ച് 25 വര്‍ഷം പിന്നിടുമ്പോള്‍, സ്മാര്‍ട്ട് ഫോണിന്റെ ജീവനാഡിയായി, മനുഷ്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അവസ്ഥയായി ആപ്പുകള്‍ പരിണമിച്ചിരിക്കുന്നു. മൊബൈലിന്റെ ആരംഭഘട്ടത്തില്‍, ക്ലോക്കും കറന്‍സി കാല്‍ക്കുലേറ്ററുമായി പരിമിതപ്പെട്ട മൊബൈല്‍ ഫോണ്‍ ഇന്ന് വൈവിധ്യങ്ങളുടെ മായാപ്രപഞ്ചമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഫോണ്‍, ടാബ്, വാച്ച് പോലുള്ള മൊബൈല്‍ ഉപകരണത്തില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ് മൊബൈല്‍ ആപ്പുകള്‍. എളുപ്പത്തിനും സമയ ലാഭത്തിനും കാര്യക്ഷമത, വ്യക്തിഗത സൗകര്യങ്ങള്‍, പുതിയ ഉത്പന്ന വൈവിധ്യങ്ങള്‍ അനുഭവിക്കുന്നതിനും, ആശയവിനിമയ സമ്പൂഷ്ടതക്കും വേണ്ടി ആപ്പുകളില്‍ വിഹരിക്കുന്ന ലോകത്തെയാണ് കാണുന്നത്.’എല്ലാം ഞൊടിയിടക്കുള്ളില്‍ കടലാസ് രഹിതമായി’ എന്ന മുദ്രാവാക്യം സര്‍ക്കാറും മറ്റ് സ്വകാര്യ ഏജന്‍സികളും ഏറ്റെടുത്തതോടെ ആപ്പുകള്‍ സമ്പന്നമായി. സാധാരണ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ 85 ശതമാനം സമയവും ആപ്പുകളില്‍ ചെലവഴിക്കുന്നു. 2017 ല്‍ 178 മില്യണ്‍ ജനങ്ങളാണ് ലോകത്തെ വിവിധ ആപ്പുകള്‍ ഉപയോഗിച്ചതെങ്കില്‍ 2021 ല്‍ ഇത് 45 ശതമാനം വളര്‍ച്ച നേടി 258 ബില്യണായി വര്‍ധിച്ചു. ലോകത്ത് 3 തരം ആപ്പുകളാണുള്ളത്. ഒന്ന് ഐ ഫോണില്‍ ഉപയോഗിക്കുന്നത് മറ്റൊന്ന് ആന്‍ഡ്രോയിഡ് ഫോണുകളിലും മൂന്നാമത്തേത് ഇവ രണ്ടിലും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ആപ്പുകളുമാണ്. ഇന്ന് 442 ദശലക്ഷം ആപ്പുകള്‍ ലോകത്തുണ്ട്. ഓരോ മാസവും 30000 ത്തിലധികം പുതിയ ആപ്പുകള്‍ ഈ ഗണത്തിലേക്ക് കൂടിച്ചേരുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിന്റെ ഭാഗമായ മൊബൈല്‍ ഫോണിലൂടെ പെട്ടെന്നുള്ള വിവരങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വിനിമയത്തിനും ജോലിഭാരം ലഘൂകരിക്കുന്നതിനും കാര്യക്ഷമത വര്‍ധിക്കുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ആപ്പ് ഒരു സംസ്‌കാരമായി വളര്‍ന്നു പന്തലിച്ചു. ജനങ്ങള്‍ 88 ശതമാനം മൊബൈല്‍ ആപ്പുകളിലും 12 ശതമാനം വെബ്‌സൈറ്റുകളിലുമാണ് സമയം ചെലവഴിക്കുന്നത്. സാധാരണക്കാരന്‍ ഒരു ദിവസം 9 ആപ്പുകള്‍ എങ്കിലും ഉപയോഗിക്കുന്നു 30 എണ്ണം മാസത്തില്‍ ഉപയോഗിക്കുന്നു. ഗൂഗിള്‍ മാപ്പിന് മുമ്പുള്ള ജീവിതം ഓര്‍മ്മിക്കാനെ സാധിക്കുന്നില്ല. ദിവസവും മനുഷ്യന്‍ 50 തവണയെങ്കിലും ആപ്പുകള്‍ തുറക്കുന്നു. ആപ്പിള്‍ സ്റ്റോറിലെ 21.92 ശതമാനവും ഗൂഗിള്‍പ്ലേ സ്റ്റോറിലെ 22.96 ശതമാനം ആപ്പുകളും സൗജന്യമായതിനാല്‍ ആപ്പുകളിലേക്ക് ജനങ്ങള്‍ അതിവേഗം സഞ്ചരിക്കുന്നു. 2010 ല്‍ അമേരിക്കന്‍ ഡയലക്ട് സൊസൈറ്റി ‘വേര്‍ഡ് ഓഫ് ദി ഇയര്‍’ ആയി ആപ്പിനെ പട്ടികപ്പെടുത്തിയതോടെ ആപ്പുകള്‍ക്ക് വന്‍ കുതിച്ചുചാട്ടം ഉണ്ടായി കണ്ണിമചിമ്മി തുറക്കുന്നതിന്റെ 400 ഇരട്ടി വേഗതയില്‍ പ്രതികരിക്കുന്ന അഞ്ചാം തലമുറ നെറ്റ് കണക്ഷന്റെ കാലത്ത് 20 മുതല്‍ 100 ഇരട്ടി വേഗത്തില്‍ വിവരങ്ങള്‍ ലഭിക്കുന്ന ഘട്ടത്തില്‍ ആപ്പുകള്‍ ശരവേഗത്തിലാണ് മനുഷ്യനെ കീഴടക്കുന്നത്. ‘ഭാവന ബുദ്ധിയുള്ളവര്‍ക്കാണ്’ എന്ന ഐന്‍സ്റ്റിന്റെ ആപ്തവാക്യം അന്വര്‍ത്ഥമാക്കുന്ന ചലനങ്ങളാണ് ആപ്പുകളുടെ ലോകത്ത് നടക്കുന്നത്. 1950 ല്‍ ഒരു കോടി ജനസംഖ്യയുള്ള നഗരങ്ങള്‍ ന്യൂയോര്‍ക്ക്, ടോക്കിയോ മാത്രമായിരുന്നുങ്കില്‍ ഇന്ന് അത് 30 ല്‍ അധികമാണ്. അതിവേഗം വികസിക്കുന്ന ലോകത്തോടൊപ്പം സഞ്ചരിക്കാന്‍ ആപ്പുകള്‍ പര്യാപ്തമാക്കുന്നു. ഏറ്റവും കൂടുതല്‍ വിവരശേഖരണം ഉള്ളവരാണ് വലിയ സമ്പന്നരും സ്വാധീനശക്തിയുള്ളവരുമെന്നതിനാല്‍ വലിയ കിടമത്സരമാണ് ആപ്പിന്റെ ലോകത്ത് കാണാന്‍ സാധിക്കുന്നത്. കുട്ടികളും യുവാക്കളുമാണ് ആപ്പിന്റെ ലോകത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍. മൊബൈല്‍ഫോണ്‍ ജീവിതത്തെ കീഴ്‌പ്പെടുത്തിയെങ്കില്‍ ആപ്പുകള്‍ അത് പുതിയ തലത്തിലേക്ക് എത്തിച്ചു. വേഗത, ലഘൂകരണം, വ്യക്തിത്വം എന്നിവയില്‍ അധിഷ്ഠിതമായി ആപ്പുകള്‍ ലോകജനതയെ ആശ്ചര്യപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഘട്ടത്തില്‍ ആപ്പിനോടൊപ്പം ജീവിക്കുക എന്ന സാമൂഹ്യ വിദ്യാഭ്യാസം കരസ്ഥമാക്കേണ്ടതായിട്ടുണ്ട്.
വെബ്‌സൈറ്റിനേക്കാള്‍ കമ്പ്യൂട്ടറിനെക്കാള്‍ എളുപ്പത്തില്‍ മൊബൈല്‍ ആപ്പിലൂടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നതിന്നാല്‍ എളുപ്പത്തിനും സമയം ലാഭത്തിനും ശ്രമിച്ച് എല്ലാ സ്വകാര്യതയും നഷ്ടപ്പെട്ടുപോകുന്ന കാഴ്ചയാണ് മൊബൈല്‍ ആപ്പിലൂടെ കാണുന്നത്. എല്ലാം ചൂഴ്‌ന്നെടുക്കുന്ന സ്വഭാവം ആപ്പുകള്‍ക്കുണ്ട്. മുന്‍നിരയില്‍ നില്‍ക്കുന്ന 95 ശതമാനം ആന്‍ഡ്രോയ്ഡ് ആപ്പുകളും 80 ശതമാനം ആപ്പിള്‍ ഐഫോണ്‍ ആപ്പുകളും അപകടകാരികളാണ്. ആപ്പുകള്‍ ചില അനുവാദങ്ങള്‍ ചോദിക്കും നിര്‍ദോഷകരമല്ല എന്ന് വിചാരിച്ച് എല്ലാത്തിനും അനുവാദം കൊടുത്താല്‍ സ്വകാര്യത നഷ്ടപ്പെട്ടവരായി നാം മാറുന്നു. സ്റ്റീവ് ജോബ്‌സിന്റെ അഭിപ്രായത്തില്‍ മാനവ വികസന സൂചികയില്‍ നവ രീതികളാണ് ഒരു നേതാവിനെയും അനുയായിയേയും വേര്‍തിരിക്കുന്നത് എന്നതിനാല്‍ പുതിയ രീതികള്‍ ഉള്ള ആപ്പുകള്‍ തലങ്ങും വിലങ്ങും സുരക്ഷിതത്വവും സ്വകാര്യതയും നോക്കാതെ നിര്‍ബാധം പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആപ്പുകള്‍ സ്വീകരിക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം. ചൈനയുടെ 54 ആപ്പുകള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ഇന്ത്യ നിരോധിച്ചത് ഇയ്യിടെയാണ്. 2020 ന് ശേഷം 385 ചൈനീസ് ആപ്പുകളാണ് ഇന്ത്യ ഇത്തരത്തില്‍ നിരോധിച്ചത് എന്ന് കാണുമ്പോള്‍ രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയായി ആപ്പുകള്‍ മാറുന്നു എന്നതിന്റെ തെളിവാകുന്നു. 82 കോടിയിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യയില്‍ 44.48 കോടിയും സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയും ശരാശരി ദിവസം 2.25 മണിക്കൂര്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുകയും ചെയ്യുന്നു എന്ന് കാണുമ്പോള്‍ വ്യക്തി സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട മേഖലയായി മൊബൈല്‍ ആപ്പ് നിര്‍മാണമേഖല മാറിയിരിക്കുന്നു. കേരളത്തിലെ മൊബൈല്‍ സാന്ദ്രത 100 പേര്‍ക്ക് 95.7 ആയതിനാലും 2018 ല്‍ 280 സൈബര്‍ കേസുകളില്‍ ഉള്ള കേരളത്തില്‍ 2021 ല്‍ അത് 903 ആയി വര്‍ധിച്ച വലിയ ഭീഷണി നിലനില്‍ക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും 61 ശതമാനം വിവര ചോര്‍ച്ചയും ആപ്പിള്‍ ഐഫോണ്‍ നിന്ന് 36 ശതമാനം വിവര ചോര്‍ച്ചയും ഉണ്ടായി എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
29 ശതമാനം മൊബൈല്‍ ആപ്പുകള്‍ മാത്രമേ ശരിയായ പരിശോധനകള്‍ക്ക് ശേഷം പുറത്തുവരുന്നുള്ളൂ. ഒരു ആപ്പ് മൊബൈല്‍ ഫോണില്‍ പ്രവേശിക്കുമ്പോള്‍ നാം അറിഞ്ഞോ അറിയാതെയോ ഒരു കൂട്ടം പരസ്യവും നമ്മളിലേക്ക് കടന്നുവരുന്നു. നമ്മുടെ ലൊക്കേഷന്‍, ഇഷ്ടങ്ങള്‍, വ്യക്തിപരമായ താല്‍പര്യങ്ങള്‍ എല്ലാം ആപ്പുകള്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്നു. സാമ്പത്തിക താല്‍പര്യം മാത്രം മുന്‍നിര്‍ത്തി ഒളിച്ചുവെച്ച ഒരു പ്രവര്‍ത്തിയും ആപ്പുകളില്‍ ഉണ്ടാവാന്‍ പാടില്ല. നല്‍കുന്ന വിവരങ്ങള്‍, സന്ദേശങ്ങള്‍, സുരക്ഷിതമായിരിക്കണം. ആന്‍ഡ്രോയ്ഡ് ഫോണിലെ 61 ശതമാനം വിവരങ്ങളും ആപ്പിള്‍ ഫോണിലെ 36 ശതമാനം വിവരങ്ങളും വിദൂരമായ സര്‍വറിലാണ് സൂക്ഷിക്കുന്നത്. വിവരങ്ങള്‍ അയക്കുമ്പോള്‍ തന്നെ മാര്‍ക്കറ്റിംഗ് ലൈബ്രറികളില്‍ വെച്ച് പരിശോധിക്കുന്നു. കൂടാതെ 2023 ആകുമ്പോഴേക്കും മൊബൈല്‍ ആപ്പ് വ്യവസായം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി 770 ബില്യന്‍ യൂറോ വരുമാനം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ വിവരങ്ങളും സാമ്പ്രദായികമായുള്ള ഹാര്‍ഡ്‌വെയറില്‍ സൂക്ഷിക്കുന്നതിന്പകരം ഇന്റര്‍നെറ്റില്‍ സൂക്ഷിക്കുന്ന കാലത്ത് സ്വകാര്യതയും സുരക്ഷിതത്വവും അടിസ്ഥാനപരമായ മനുഷ്യന്റെ മൂല്യങ്ങളായി കണക്കാക്കി ആപ്പ് നിര്‍മ്മാതാക്കള്‍ മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ജീവന്‍ കൊണ്ട് പന്താടി 153 പേരുടെ ജീവന്‍ അപഹരിച്ച ബ്ലൂ വെയില്‍ ഗെയിം 50 ദിവസം 50 ഗെയിമുകള്‍ കളിച്ച് മനുഷ്യന്റെ അടിസ്ഥാനപരമായ മൂല്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചതും, ഗൂഗിള്‍ ഫോട്ടോസില്‍ രണ്ട് കറുത്ത വര്‍ഗക്കാരുടെ ഫോട്ടോ ‘ഗൊറില്ല’ എന്ന് വിശേഷിപ്പിച്ച് ടാഗ് ചെയ്തതും ആപ്പിന്റെ മൂല്യച്യുതി വിളിച്ചോതി നില്‍ക്കുന്നു.
ലോകമെമ്പാടുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉടമകളില്‍ 85 ശതമാനവും ഉപയോഗിക്കുന്ന ഗൂഗിള്‍, മൊബൈല്‍ ആപ്പുകളില്‍ കൂടുതല്‍ സ്വകാര്യത കൊണ്ട് വരുന്നതിന് തയ്യാറായി മുന്നോട്ട്‌വന്നത് ഈ മേഖലയിലെ ശുഭസൂചനയായി കണക്കാക്കാം. ഇതിനായി പ്രൈവസി സാന്‍ഡ് ബോക്‌സ് കൊണ്ടുവരുമെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചു. എതിരാളികളായ ആപ്പിള്‍ നേരത്തെതന്നെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് അനുവാദം ചോദിക്കുവാന്‍ ആപ്പ് വികസിക്കുന്നവരെ നിര്‍ബന്ധിക്കുന്നുണ്ട്.