ദോഹ ദവാര്‍/ അശ്‌റഫ് തൂണേരി
ദോഹ കോര്‍ണിഷിലെ തുറമുഖ പാതയിലൂടെ വാഹനത്തിലോ നടന്നോ പോവുന്നവരെ അല്‍പ്പം ഉള്ളിലേക്കെത്തുമ്പോള്‍ വിവിധ വര്‍ണ്ണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന പല തരം കെട്ടിടങ്ങള്‍ സ്വാഗതം ചെയ്യും. ആരേയും ആകര്‍ഷിക്കുന്ന ആ കെട്ടിടങ്ങളുള്‍പ്പെട്ട താഴ്‌വരയാണ് മിന. തെളിഞ്ഞ മാനം നോക്കി പുല്‍മൈതാനമുള്ള മിനയിലൂടെ സവാരി നടത്താം. കടലിനോട് ഓരം ചേര്‍ന്നുള്ള ഇരിപ്പിടങ്ങളില്‍ വിശ്രമിക്കാം. ചായയോ കാപ്പിയോ കുടിച്ചിരിക്കാം. അറബ് വിഭവങ്ങളും ആഗോള രുചിയും ആവോളം ആസ്വദിക്കാം. ദിനങ്ങളോളം ഹോട്ടലില്‍ തങ്ങാം. ആധുനിക തിയേറ്ററിലിരുന്ന് സിനിമ കാണാം. കുട്ടികള്‍ക്ക് കളിയാഹ്ലാദങ്ങളിലേക്ക് ആവേശഭരിതരാവാം. പഴയ ദോഹ തുറമുഖം മുഖം മാറിയതാണ് മിന. വെറും മാറ്റമല്ല. അടിമുടി മാറ്റം. ലോകകപ്പിനെത്തുന്ന ആയിരങ്ങള്‍ക്കുള്ള ഉല്ലാസ കേന്ദ്രമായിട്ടാണ് ഇത് തുടക്കമായത്. പണിപൂര്‍ത്തിയായതും ഈയ്യിടെ മാത്രം.
മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ മൂന്നു കപ്പലുകളില്‍ പതിനായിരം കളിയാരാധകര്‍ താമസത്തിനെത്തുമ്പോള്‍ അവരെ ആദ്യം സ്വീകരിക്കുന്ന കേന്ദ്രം കൂടിയായി മിന മാറിയിരിക്കുന്നു. താമസ കേന്ദ്രങ്ങള്‍, റസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, സിനിമാ പ്രദര്‍ശന കേന്ദ്രം, ഹൗസ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, ഭക്ഷ്യ വിഭവ കേന്ദ്രങ്ങള്‍, ബൂട്ടീക് ഹോട്ടലുകള്‍, വിനോദകേന്ദ്രങ്ങള്‍, കുട്ടികളുടെ ഉല്ലാസ ഇടങ്ങള്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളോടെയാണ് മിന തയ്യാറായിരിക്കുന്നത്. ഉള്‍ റോഡുകളും സുരക്ഷിതമായ നടപ്പാതകളുമുണ്ട്. തൊട്ടടുത്ത രാജ്യങ്ങളില്‍ നിന്ന് ക്രൂയിസ് കപ്പലുകളിലെത്തുന്നവരേയും ഇത് ആകര്‍ഷിക്കാതിരിക്കില്ല. ക്രൂയിസ് കപ്പലുകളിലെത്തുന്നവരുടെ കേന്ദ്രമായി മിന ഡിസ്ട്രിക്റ്റ് മാറുന്നതോടെ പുതിയൊരു വിനോദ കേന്ദ്രം കൂടി ഖത്തറില്‍ സജീവമാവുകയാണ്.
ഫോട്ടോ
മിനയുടെ രാത്രി ദൃശ്യം
ഫോട്ടോ: ഷിറാസ് സിതാര