റസാഖ് ആദൃശ്ശേരി
ഇന്ത്യയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണ് ജനങ്ങള്‍. ഇതിനിടയില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പിരിച്ചെടുത്ത ജി.എസ്.ടി റെക്കാര്‍ഡ് സൃഷ്ടിച്ചുവെന്നു അവകാശപ്പെട്ടുകൊണ്ടു മേനി നടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരാകട്ടെ, സമസ്ത മേഖലകളിലും ചാര്‍ജജുകള്‍ വര്‍ധിപ്പിച്ചു ജനങ്ങളെ ദുരിതക്കയത്തിലാക്കുകയും ചെയ്യുന്നു. വര്‍ധിച്ചു കൊണ്ടിരിക്കുന്ന വിലക്കയറ്റം മൂലം ഇന്ത്യന്‍ സാമ്പത്തികഘടനക്ക് കനത്ത ആഘാതമേല്‍പ്പിച്ചു കൊണ്ട് ‘പണപ്പെരുപ്പം’ കുതിച്ചുയരുകയാണ്. സാമ്പത്തിക സാമൂഹ്യരംഗത്ത് കനത്ത അരാജകത്വവും പ്രതിസന്ധിയും ഇതുമൂലം സംജാതമായിട്ടുണ്ട്. പണപ്പെരുപ്പം കൂടുകയും രാജ്യത്ത് അതിഭീമമായ വിലക്കയറ്റമുണ്ടാകുകയും ചെയ്തത് ഇന്ത്യന്‍ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയുന്നതിനു കാരണമായി. ശ്രീലങ്കയില്‍ സംഭവിച്ചതുപോലെ ഇന്ത്യയിലും വന്‍സാമ്പത്തിക പ്രതിസന്ധിക്കിത് കാരണമാകുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടും അതൊന്നും ചെവികൊള്ളാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകുന്നില്ല. മാത്രമല്ല, കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കുന്ന നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോയ്‌കൊണ്ടിരിക്കുന്നു.2014-2015 ല്‍ ലോക വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില മൂന്നിലൊന്നായി താഴ്ന്നപ്പോഴും നികുതി ഉയര്‍ത്തിക്കൊണ്ട്, ഇന്ത്യയില്‍ പെട്രോളിന്റെ വില വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു മോദി സര്‍ക്കാര്‍. ലോക വിപണിയില്‍ വില ഇടിഞ്ഞിട്ടും ഇവിടെ വില കുറക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. അതിനാല്‍ തന്നെ അതിന്റെ ഒരു ഗുണവും ഇന്ത്യന്‍ ജനതക്ക് കിട്ടിയതുമില്ല. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 100 രൂപയാണെങ്കില്‍ അതില്‍ 55.61 രൂപയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നികുതിയാണ്. ഈ നികുതിയിനത്തില്‍ ഇളവ് വരുത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാകാതെ ജനങ്ങളില്‍നിന്നു പണം പിടിച്ചുപറിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് കേന്ദ്ര സര്‍ക്കാരിനു 8 ലക്ഷം കോടി രൂപ അധികം നേടാന്‍ കഴിഞ്ഞത്. അമ്പരിപ്പിക്കുന്ന ഈ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് പുറത്ത്‌വിട്ടത്.
വിലക്കയറ്റം മൂലം ജനങ്ങളുടെ നടുവൊടിഞ്ഞിട്ടും അതിന്റെ കാരണങ്ങളെ തിരുത്താനോ ജനങ്ങള്‍ക്ക് ആശ്വാസമേകാനോ സര്‍ക്കാറുകള്‍ മുന്നോട്ടുവന്നില്ല. ഇത് വലിയ പ്രതിഷേധമാണ് വരുത്തിവെച്ചത്. അവസാനം ഗത്യന്തരമില്ലാതെ കേന്ദ്രം എക്‌സൈസ് നികുതി പെട്രോള്‍ ലിറ്ററിനു 8 രൂപയും ഡീസലിന് 6 രൂപയും കുറക്കാന്‍ തീരുമാനിച്ചു. കോവിഡിന്റെ മറവില്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്‌സിഡി പുന:സ്ഥാപിക്കുമെന്നും തീരുമാനമായിട്ടുണ്ട്. അടുത്ത വര്‍ഷം ഗുജറാത്ത് അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയുള്ള രാഷ്ട്രീയ നീക്കമാണിതെന്നാണ് വിലയിരുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടു നിരോധനം, ജി.എസ്.ടി , കോവിഡ് പ്രതിസന്ധി, ലോക്ഡൗണ്‍ തുടങ്ങിയവ രാജ്യത്തെ ചെറുകിട ഉത്പാദന മേഖലയിലും കാര്‍ഷിക മേഖലയിലും ചില്ലറ വില്‍പ്പന മേഖലയിലുമൊക്കെ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതിന്റെ ആഘാതത്തില്‍ നിന്നും ഇപ്പോഴും പൂര്‍ണമോചനം നേടാനായിട്ടില്ല. ഇപ്പോര്‍ തന്നെ ജനങ്ങള്‍ക്ക് ആശ്വാസമേകിയിരുന്ന പൊതുവിതരണ സംവിധാനത്തെ ഇന്ത്യയില്‍ ഇല്ലാതാക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പൊതുമേഖലയെ നശിപ്പിച്ച് സ്വകാര്യവത്കരണത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് കേന്ദ്രം ചെയ്തു കൊണ്ടിരിക്കുന്നത്. വിലക്കയറ്റത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നു സര്‍ക്കാരിന്റെ തെറ്റായ നയം തന്നെയാണ്.
പെട്രോള്‍, ഡീസല്‍, പാചക വാതക സിലിണ്ടര്‍ തുടങ്ങിയവക്ക് രാജ്യത്ത് തന്നെ ഏറ്റവും വില നല്‍കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും വില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. പട്ടിണി മരണങ്ങളും കടക്കെണിയില്‍ പെട്ടതു മൂലമുള്ള ആത്മഹത്യകളും പെരുകി കൊണ്ടിരിക്കുന്നു.
സിമന്റിനും സ്റ്റീലിനും മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ക്കും റെക്കാര്‍ഡ് വിലയാണിപ്പോള്‍. അതുകൊണ്ടു തന്നെ നിര്‍മാണമേഖല നിശ്ചലമായിരിക്കുകയാണ്. പൊതുവിതരണത്തെ തകര്‍ക്കാനുള്ള കേന്ദ്രനയങ്ങളും പദ്ധതികളും ഏറ്റവും ഫലപ്രദമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. പരസ്പരം വെറുപ്പു വളര്‍ത്തി അതില്‍ നിന്നു നേട്ടം കൊയ്യുമ്പോള്‍ പിണറായി സര്‍ക്കാരും സി.പി.എമ്മും ചെയ്യുന്നത് അതിന്റെ മറ്റൊരു രൂപം തന്നെ. ന്യൂനപക്ഷ സമുദായങ്ങളെ പരസ്പരം അകറ്റിയും ഭൂരിപക്ഷ സമുഹത്തെ പ്രീണിപ്പിക്കുകയും ചെയ്യുന്ന തന്ത്രം.