ജയ്പൂര്‍: അപ്രതീക്ഷിതമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നടക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പിന്തുണയറിയിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ജനങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്തവരാണ് ഇരുവരുമെന്ന് സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തു. ഇപ്പോള്‍ സമവായം കെട്ടിപ്പടുക്കുന്നതിനും ഒന്നിച്ചുനില്‍ക്കാനുമുള്ള സമയമാണെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.
‘ജനങ്ങളുടെയും പാര്‍ട്ടിയുടെയും നന്മയ്ക്കായി ത്യാഗം ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കാണിച്ചുതന്നു. ഇപ്പോള്‍ സമവായം കെട്ടിപ്പടുക്കുന്നതിനും ഒന്നിച്ചുനില്‍ക്കാനുമുള്ള സമയമാണ്. നമ്മള്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ ഭാവി ശക്തമാണ്. മിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ജി അധികാരമേറ്റ് പാര്‍ട്ടിയെ നയിക്കാന്‍ ആഗ്രഹിക്കുന്നു’ സച്ചിന്‍ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാക്കളുടെ കത്തു പുറത്തായതായും പാര്‍ട്ടി നേതൃത്വത്തെ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നുമുള്ള വാര്‍ത്തകള്‍ നിറഞ്ഞ സാഹചര്യത്തിലാണ് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പിന്തുണ അറിയിച്ച് സച്ചിന്‍ പൈലറ്റ് എത്തിയത്. അതേസമയം,
മണിക്കൂറുകള്‍ നീണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് തീരുമാനം. കോണ്‍ഗ്രസിന്റെ ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ കുറച്ചു മാസങ്ങള്‍ കൂടി തുടരാനാണ് തീരുമാനം. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസ്സാക്കി.