മൃഗബലി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയത്തില്‍ പ്രതിഷേധിച്ച് മുസ്ലിം വ്യാപാരിയുടെ കട അടിച്ചു തകര്‍ത്ത് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍. ഹിമാചല്‍ പ്രദേശിലെ നഹാനിലാണ് സംഭവം. ഉത്തര്‍പ്രദേശ് സാഹാരപൂര്‍ സ്വദേശിയായ ജാവേദിന്റെ കടയാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. പശുവിനെ ബലി കൊടുത്തെന്നും പറഞ്ഞ് കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം കട അടിച്ചു തകര്‍ക്കുകയായിരുന്നു.
സംഘര്‍ഷം നടന്ന ഉടനെ പൊലീസ് പ്രദേശത്തെത്തിയെങ്കിലും അവര്‍ കാര്യമായി ഇടപെട്ടില്ലെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മൃഗത്തിനെ ബലി അര്‍പ്പിക്കുന്ന വീഡിയോ ജാവേദ് തന്റെ വാട്‌സാപ്പ് സ്റ്റാറ്റസ്സ് ആക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ഗോവധം ആരോപിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ തുണികടയിലേക്ക് വരുകയും കടയിലെ സാധനങ്ങള്‍ വലിച്ചെറിയുകയുമായിരുന്നു. കടയിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും അക്രമികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.
പൊലീസിന്റെ മുന്നില്‍ വെച്ചാണ് അക്രമികള്‍ കട അടിച്ചു തകര്‍ത്തതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. ഏറെ നേരം കഴിഞ്ഞാണ് പൊലീസ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും, ആളുകളെ അവിടെ നിന്നും ഒഴിപ്പിക്കാന്‍ ശ്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പശുവിനെ കൊന്നതിനെതിരെ മുദ്രാവാക്യം വിളിച്ച് ചില പ്രാദേശിക ഹിന്ദു സംഘടനകള്‍ പട്ടണത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ജാവേദിനെ ഹിമാചല്‍ പ്രദേശില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും, മുസ്ലിം വ്യാപാരികള്‍ക്ക് വാടയ്ക്ക് നല്‍കിയ കടകള്‍ എത്രയും വേഗം ഉടമകള്‍ ഒഴിപ്പിക്കണമെന്നും അക്രമികള്‍ ആവശ്യപ്പെട്ടു.