എം.ആര്‍. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റത്തിന് ശിപാര്‍ശ ചെയ്തത്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണമടക്കം നിരവധി അന്വേഷണങ്ങള്‍ നേരിടുന്നതിനിടര്രാണ് സ്ഥാനക്കയറ്റം.
എന്നാല്‍ അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന് ശിപാര്‍ശയില്‍ സൂചിപ്പിച്ചിരുന്നു. 2025 ജൂലൈ 1ന് ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദര്‍വേശ് സാഹിബ് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുന്നത്.
അതേസമയം എം.ആര്‍. അജിത് കുമാറിന് അന്വേഷണ റിപ്പോര്‍ട്ട് എതിരാവുകയാണെങ്കില്‍ സ്ഥാനക്കയറ്റത്തിന് തടസ്സമാവും. നിലവിലെ അന്വേഷണത്തില്‍ അജിത് കുമാറിന് ഒരു മെമ്മോ പോലും നല്‍കാത്ത സാഹചര്യത്തില്‍ സ്ഥാനക്കയറ്റം തടസ്സമില്ലെന്നായിരുന്നു സുപ്രീംകോടതി വിധി.
ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ എന്നീ വിവാദങ്ങളുമായി ബന്ധപ്പെട്ട് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അജിത് കുമാറിനെതിരായ പരാതികളില്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു.