X

എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടു; ഇക്കാര്യം അറിഞ്ഞിട്ടും സര്‍ക്കാര്‍ കണ്ണടച്ചു

തിരുവനന്തപുരം: ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ.അജിത് കുമാർ. മുഖ്യമന്ത്രിയുടെ ഓഫിസ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കൂടിക്കാഴ്ച അജിത് കുമാർ സമ്മതിച്ചത്. സ്വകാര്യ സന്ദർശനം ആണെന്നാണ് വിശദീകരണം.

ആര്‍എസ്എസ് പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹി ഓടിച്ച വാഹനത്തിലാണ് എഡിജിപി ആര്‍എസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിജിപിയേയും, ഇന്റലിജന്‍സ് മേധാവിയെയും സര്‍ക്കാറിനേയും അന്നേ അറിയിച്ചുവെന്നാണ് വിവരം.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായതിനാൽ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. ഹോട്ടലിനു മുൻപിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നു പൊലീസ് ഉന്നതർ പറയുന്നു.

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്താന്‍ എഡിജിപി സ്വകാര്യ വാഹനത്തില്‍ പോയത് അറിഞ്ഞിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ കണ്ണടച്ചെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. 2023 മെയ് 22ന് കൂടിക്കാഴ്ച നടന്നെന്നായിരുന്നു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്.

webdesk14: