X
    Categories: indiaNews

ശശി തരൂരും മെഹുവ മൊയ്ത്രയും ഒരുപക്ഷത്ത്; മറുപക്ഷത്ത് ബി.ജെ.പി എം.പി നിഷികാന്ത് ദുബേ- ട്വിറ്ററില്‍ ചേരിതിരിഞ്ഞ് ‘ഫേസ്ബുക്ക് യുദ്ധം’

ന്യൂഡല്‍ഹി: ഫേസ്ബുക്ക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണത്തില്‍ എം.പിമാര്‍ തമ്മില്‍ വാക്‌പോര്. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മെഹുവ മൊയ്ത്ര, ബി.ജെ.പി എം.പി നിഷികാന്ത് ദുബേ എന്നിവരാണ് ട്വിറ്ററില്‍ ‘ഫേസ്ബുക്ക് യുദ്ധം’ നടത്തിയത്. ആരോപണത്തില്‍ ഫേസ്ബുക്കിനെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കണമെന്ന തരൂരിന്റെ ആവശ്യമാണ് വാക് പോരിന് കളമൊരുക്കിയത്.

പാര്‍ലമെന്റിന്റെ ഐ.ടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ തരൂരിന്റെ ആവശ്യം ദുബേയെ ചൊടിപ്പിച്ചു. ആധികാരികമല്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എങ്ങനെ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തരൂരിനെതിരെ സ്പീക്കര്‍ ഓം ബിര്‍ലക്ക് കത്തയക്കണമെന്നും ബി.ജെ.പി എം.പി മറ്റു ബി.ജെ.പി അംഗങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും ഫേസ്ബുക്കില്‍ നിന്ന് വിശദീകരണം തേടണം എന്നായിരുന്നു തരൂരിന്റെ ആവശ്യം. ഇതോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയായ ദുബേ, തരൂര്‍ രാഹുല്‍ഗാന്ധിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് എന്ന് കുറ്റപ്പെടുത്തി. അംഗങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായ തീരുമാനമാണ് ചെയര്‍മാന്‍ കൈക്കൊള്ളുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

ദുബേയുടെ പ്രതികരണത്തിന് മറുപടി നല്‍കിയത് മെഹുവ മൊയ്ത്രയാണ്. താനും ഐ.ടി കമ്മിറ്റി അംഗമാണ്. ഈ അജണ്ട നേരത്തെ എല്ലാവരും സമ്മതിച്ച് ഉള്‍പ്പെടുത്തിയതാണ്. സ്പീക്കറുടെ അനുമതിക്കായി ഈ വര്‍ഷം തുടക്കത്തില്‍ സമര്‍പ്പിച്ചതും. ഫേസ്ബുക്ക് താത്പര്യങ്ങള്‍ക്ക് അനുസൃതമായി ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു- അവര്‍ പറഞ്ഞു.

മെഹുവയോട് തരൂര്‍ പ്രതികരിച്ചത് ഇങ്ങനെ; ‘നിങ്ങള്‍ സമ്പൂര്‍ണമായി ശരിയാണ്. സമിതിയുടെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് ദുബേയുടെ ശ്രമം. ഇങ്ങനെ പൊതുജന താത്പര്യമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാട് അസാധാരണമാണ്’.

നേരത്തെ, ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയും ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആര്‍.എസ്.എസുമാണ് എന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവച്ചിരുന്നു.

Test User: