X

കേന്ദ്ര സര്‍ക്കാറിനെതിരെ സോഷ്യലിസ്റ്റുകള്‍ ഒന്നിക്കണം: എം.പി വീരേന്ദ്രകുമാര്‍

കോഴിക്കോട്: ഭൂരിപക്ഷത്തിനുമേല്‍ ന്യൂനപക്ഷമായ ചിലര്‍ അധികാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും മോഡിയുടെ കേന്ദ്ര സര്‍ക്കാറിനെതിരെ സോഷ്യലിസ്റ്റുകള്‍ ഒന്നിക്കണമെന്നും ജനതാദള്‍ (യു) അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി. റാം മനോഹര്‍ ലോഹ്യയുടെ അമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജനതാദള്‍ യു ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ ബഹുജന റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത തെരഞ്ഞെടുപ്പില്‍ മോഡി അധികാരത്തിലെത്താതിരിക്കാന്‍ ഓരോ പാര്‍ട്ടികളും വിലയിരുത്തല്‍ നടത്തണം. അഭിപ്രായ രൂപീകരണത്തിനു സമയമായിട്ടുണ്ട്. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണം. പ്രാദേശിക നേതാക്കളായി മാറിയ സോഷ്യലിസ്റ്റുകള്‍ ചെറു തുരുത്തുകളായാണ് നിലകൊള്ളുന്നത്. അവ ഒറ്റ സമുദ്രമായി മാറണം. ഓരോ പാര്‍ട്ടിയെയും വീക്ഷണത്തിലൂടെ വിലയിരുത്തണം. രാഷ്ട്രീയ ഇച്ഛാശക്തി കൈവെടിയരുത്. കേരളത്തിലും മാറ്റങ്ങള്‍ വരും. എതിരായി നിന്നിട്ട് കാര്യമില്ല. എതിരായി നിന്നവര്‍ ഒറ്റപ്പെടുകയാണ് ചെയ്യുന്നത്. സൈദ്ധാന്തികമായി തീരുമാനമുണ്ടാവണം. ആശയങ്ങളിലൂന്നിയാവണം. അത് വ്യക്തിപരമായല്ലെന്നും സമൂഹനന്‍മക്കാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

ലോഹ്യ ഉയര്‍ത്തിയ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ഇന്ന് പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സോഷ്യലിസ്റ്റ് അനുകൂലികളുടെ മുന്നേറ്റമുണ്ടാവുന്നുണ്ട്. സോഷ്യലിസത്തിന്റെ പ്രായോഗിക പ്രസക്തിയാണ് ഇന്നിന്റെ ആവശ്യമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ചടങ്ങില്‍ ലോഹ്യക്കൊപ്പം പ്രവര്‍ത്തിച്ച സ്വാതന്ത്രസമര സേനാനി പി.വാസുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

chandrika: