ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനുമായി എം.പി ശശി തരൂര്‍. ഭരണഘടനയെ വിശുദ്ധഗ്രന്ഥമെന്ന് വിളിക്കുകയും അതേസമയം ഭരണഘടനയില്‍ വിശ്വസിക്കാത്ത ദീന്‍ദയാല്‍ ഉപാദ്ധ്യായയെ വാഴ്ത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നു പറഞ്ഞാണ് മോദിയെ തരൂര്‍ ആക്രമിച്ചത്. ഹിന്ദുക്കള്‍ അവരുടെ പേരില്‍ ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ തിരിച്ചറിയുകയും അതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയ്പൂരില്‍ നടന്ന സാഹിത്യോത്സവത്തില്‍ ‘എന്തുകൊണ്ട് ഞാനൊരു ഹിന്ദുവാകുന്നു’ എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തെ അടിസ്ഥാനമാക്കി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
‘ഉള്ളത് ഉള്ളത് പോലെ പറയുകയാണ് വേണ്ടത്. ഒരു കൈയില്‍ ഇന്ത്യന്‍ ഭരണഘടന വിശുദ്ധ ഗ്രന്ഥമാണ് എന്ന് മോദി അവകാശപ്പെടുകയും മറുകൈയില്‍ തന്റെ മന്ത്രാലയത്തിനോട് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ കൃതികളും രചനകളും പഠിക്കുവാനും പറയുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്.ഭരണഘടനയെ വ്യക്തമായി തള്ളിക്കളയുകയും ഭരണഘടന അടിസ്ഥാനപരമായി വികലമാക്കപ്പെട്ടതാണെന്ന അഭിപ്രായം പങ്കുവെച്ചയാളാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ. ഭരണഘടനയുടേയും ദീന്‍ ദയാല്‍ ഉപാദ്ധ്യയുടേയും രണ്ടു ചിന്താധാരകളും പരസ്പരവിരുദ്ധമാണ് നിങ്ങള്‍ക്ക് ഇത് രണ്ടും ഒരേ വാക്യത്തില്‍ ഉപയോഗിക്കാനാകില്ല. ഇത് രണ്ടിനേയും ഒരേ വാക്യത്തില്‍ ഉപയോഗിക്കുകയും നമ്മുടെ സംവാദങ്ങളില്‍ നിന്നക്കാര്യം വിട്ടൊഴിയുകയും ചെയ്യുന്നു എന്നത് അസ്വസ്ഥമാകേണ്ട കാര്യമാണ്’ ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ അറിയുന്നവരില്‍ കൂടുതല്‍പേരും ഹിന്ദുവായിരിക്കുന്നതില്‍ അപകര്‍ഷതയില്ലാത്തവരാണ്. മറ്റുള്ളവരുടെ വിശ്വാസത്തെ തരംതാഴ്ത്തുന്നതിനോട് അവര്‍ യോജിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് വൈവിധ്യത്തിന്റെ ഐക്യമല്ല, വൈവിധ്യം ഇല്ലാതാക്കലാണ് അദ്ദേഹം പറഞ്ഞു.