ആലപ്പുഴ: കയര്‍ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മന്ത്രി പി രാജീവ് സ്വീകരിക്കുന്നത് ഇടതുപക്ഷ നിലപാടല്ലെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി. ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. കേരളാ സ്റ്റേറ്റ് സ്മാള്‍ സ്‌കെയില്‍ കയര്‍ മാനുഫാക്ചറേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ വയലാറില്‍ നിന്നും ആരംഭിച്ച കാല്‍ നട ജാഥ കയര്‍ കോര്‍പ്പറേഷന് മുന്നില്‍ എത്തിയതിന് ശേഷം ആരംഭിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുകിട ഉല്‍പ്പാദകരുടെ സഹകരണ സംഘങ്ങളിലും ചെറുകിട ഫാക്ടറികളിലുമായി 30 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കെട്ടി കിടക്കുന്നു. ഇവരുടെ പക്കല്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഇനത്തില്‍ കയര്‍ കോര്‍പ്പറേഷന്‍ 20 കോടിയോളം രൂപ നല്‍കുവാനുമുണ്ടെന്ന് അദ്ദേ ഹം ചൂണ്ടികാണിച്ചു. കയര്‍ വ്യവസായ പുരോഗതിയെ ലക്ഷ്യമാക്കി ടി.വി.തോമസ് ആവിഷ്‌ക്കരിച്ച കയര്‍ വ്യവസായ പു:ന സംഘടനാ റിപ്പോര്‍ട്ടും, തച്ചടി പ്രഭാകരന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവരുടെ റിപ്പോര്‍ട്ടും നടപ്പിലാക്കേണ്ടതിന് പകരം പുതിയ വിദഗ്ദ്ധ സമിതിയെ നിയമിച്ച നടപടി അംഗീകരിക്കുവാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറേഷന്‍ പ്രസിഡന്റ് എം.പി. പവിത്രന്‍ അദ്ധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റന്‍ ഡി.സനല്‍കുമാര്‍, വൈ ക്യാപ്റ്റന്‍ കെ.വി.സതീശന്‍, ഡയറക്ടര്‍ പി.പി.ബിനു, എന്‍.വി. തമ്പി, എം.ജി.സിദ്ധാര്‍ത്ഥന്‍, എന്‍.ആര്‍. മനോഹരന്‍, ഡി. ദിപു, പി.കെ.പ്രകാശന്‍, ഇ .ഡി.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.