മഹാരാഷ്ട്രയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്‍ മുഴങ്ങിയ ഡിജെക്കൊപ്പം ചുവടുവെച്ച് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എ.ഐ.എം.ഐ.എം) പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ഔറംഗാബാദിലെ പൈഠാന്‍ ഗേറ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നിന്നും മടങ്ങുമ്പോളാണ് വേദിയുടെ പടിയില്‍ നിന്നും ഉവൈസി “മിയ ഭായ്” എന്ന പാട്ടിനൊപ്പം പചുവടുവെച്ചത്.
വേദിയില്‍നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പടിയില്‍ നിന്നും പൂമാല വീശിയും ആടിയുമായിരുന്നു ചുവടുവെപ്പ്. ഉവൈസിയുടെ ഡാന്‍സ് ഇതിനകം സാമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
അതേസമയം സംഭവം വൈറലായതോടെ വിശദീകരണവുമായി ഉവൈസി തന്നെ രംഗത്തെത്തി. അണികളോട് പട്ടം പറപ്പിക്കാന്‍ ആഹ്വാനം നടത്തുന്നതാണ് ഡാന്‍സായി പ്രചരിക്കുന്നതെന്നായിരുന്നു വിശദീകരണം. വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കിയ ഒവൈസി, താന്‍ ഡാന്‍സ് കളിക്കുകയല്ലെന്നും തന്റെ പാര്‍ട്ടി ചിഹ്നമായ ‘പട്ടം’ പറപ്പിക്കുന്നത് അഭിനയിച്ചു കാണിച്ചതാണെന്നുമാണ് പറയുന്നത്. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്‍ 44 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്.