കണ്ണൂര്‍: ദേശങ്ങള്‍ കടന്ന് ഒഴുകിയെത്തിയ യുവതയെ സാക്ഷിയാക്കി മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് കണ്ണൂരില്‍ കാഹളമുയര്‍ന്നു. മൂന്ന് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന യാത്രയുടെ ഓര്‍മ്മകളുണര്‍ത്തിയാണ് നവംബറില്‍ ആരംഭിക്കുന്ന യാത്രയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് രണ്ടാം യുവജന യാത്ര പ്രഖ്യാപനം നടത്തിയത്. ചരിത്രം സൃഷ്ടിച്ചവരാണ് മുസ്‌ലിം ലീഗിന്റെ നേതാക്കള്‍. പുതിയ തലമുറ ഉയര്‍ത്തി പിടിക്കുന്നത് മുന്‍കാല നേതാക്കളുടെ ആശയ ആദര്‍ശമാണെന്നും ഭീഷണിക്ക് മുന്നില്‍ തളരുന്ന പാര്‍ട്ടിയല്ല മുസ്‌ലിംലീഗ്. ഉന്നതമായ മൂല്യങ്ങളാണ് മുസ്‌ലിംലീഗ് എന്നും ഉയര്‍ത്തി പിടിച്ചതെന്നും പ്രതിസന്ധികള്‍ ഏറെ തരണം ചെയ്താണ് മുസ്‌ലിംലീഗ് ഇതുവരെ എത്തിയതെന്നും പ്രഖ്യാപന പ്രസംഗത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗിന്റെ പഴയ യുവജന യാത്ര നായകരായ എം.കെ മൂനീറും സി.മമ്മൂട്ടിയുമുള്‍പ്പെടെ അണിനിരന്ന പ്രൗഢ വേദിയില്‍ ചടങ്ങില്‍ പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുല്‍ വഹാബ്, എം.പി, അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, കെ.എം ഷാജി, എന്‍.ഷംസുദ്ദീന്‍, സി.കെ സുബൈര്‍ തുടങ്ങിയ നേതാക്കളും പങ്കെടത്തു.